[]പനജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന് അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിചാരണ ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വനിതാ ജഡ്ജിന്റെ കീഴിലായിരിക്കും വിചാരണ ചെയ്യുന്നത്.
“തേജ്പാലിനെ ഫാസ്റ്റ്ട്രാക്ക് കോടതിയിലായിരിക്കും വിചാരണ ചെയ്യുന്നത്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വനിതാ ജഡ്ജിയായിരിക്കും കേസ് കേള്‍ക്കുക” പരീക്കര്‍ വ്യക്തമാക്കി.
നീതി നിര്‍വഹണം വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാ കേസുകളും എത്രയും വേഗം തീര്‍പ്പാക്കണമെന്ന് പറഞ്ഞു.
തേജ്പാല്‍ നിലവില്‍ ഗോവാ പൊലീസിന്റെ കസ്റ്റഡിയിലാണ്.
തെഹല്‍ക്കയുടെ സ്റ്റിങ് ഓപ്പറേഷനുകള്‍ ബി.ജെ.പിയെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും തേജ്പാലിനെ പ്രതികാരമനോഭാവത്തോടെ കാണില്ല. അദ്ദേഹം പറഞ്ഞു.
അന്വേഷണം കൃത്യമായി നടക്കുമെന്നും യാതൊരുവിധ ഇടപെടലുകളും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രത്യേകിച്ച് പറയാന്‍ കാരണമെന്തെന്ന ചോദ്യത്തിന് താന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
“ഇതൊരു ക്രിമിനല്‍ കുറ്റാന്വേഷണമാണ്. അതില്‍ കൈകടത്തുന്നത് എന്റെ രീതിയല്ല.” അദ്ദേഹം വ്യക്തമാക്കി.
“ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മുന്‍കാലപശ്ചാലത്തിന്റെ പേരില്‍ തേജ്പാലിന് നീതി നിഷേധിക്കുമെന്ന് ആരും കരുതരുത്.” പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.