'പീഡോഫീലിയയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും'; ഡോ.ക്രോംമെന്റല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ യുവതി
Kerala News
'പീഡോഫീലിയയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും'; ഡോ.ക്രോംമെന്റല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2021, 7:55 pm

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായ ഡോക്ടര്‍ ക്രോംമെന്റല്‍ 500 എന്ന അക്കൗണ്ടിനെതിരെ ഗുരുതരാരോപണങ്ങളുമായി യുവതി.

ഈ അക്കൗണ്ടിലൂടെ സ്ത്രീവിരുദ്ധതയും ജാതീയമായ അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രിയ നമ്പനത്ത് എന്ന യുവതി പറയുന്നു. ഈ ഉള്ളടക്കത്തിന് പുറമെ ഇയാളുടേതായുള്ള ടെലിഗ്രാം അക്കൗണ്ടിലൂടെ പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങളും വീഡിയോകളും പ്രചരിക്കുന്നതായും ശ്രിയ പറയുന്നു.

അനോണിമസ് മല്ലൂസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിലൂടെയുമാണ് അശ്ലീല വീഡിയോകളും കുഞ്ഞുങ്ങളുടെ പീഡനാനുഭവങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

ഈ പേജിനെ ഒരു ലക്ഷത്തി പതിനായിരം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പില്‍ 24000ത്തിന് മുകളില്‍ പേരാണ് അംഗങ്ങളായുള്ളത്.

 

പീഡോഫീലിയയെ വളരെ തമാശയായി വിവരിക്കുന്ന ചില ഓഡിയോ ഈ ഗ്രൂപ്പില്‍ താന്‍ കേട്ടതായി ശ്രിയ പറഞ്ഞു. അശ്ലീല പേരുകളാണ് പല ഓഡിയോകള്‍ക്കും നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെയും കോളനികളില്‍ താമസിക്കുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയും മോശം കമന്റുകളാണ് ഈ പേജില്‍ വരുന്നത്. മൃഗങ്ങളെ ഉപദ്രവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും ഇതിലുള്‍പ്പെടുന്നുവെന്ന് ശ്രിയ പറഞ്ഞു. നിലവില്‍ എട്ട് ലക്ഷത്തിലേറെ പേര്‍ ഫോളോ ചെയ്യുന്ന പേജാണ് ഡോക്ടര്‍ ക്രോംമെന്റല്‍ 500.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Woman Aganist Dr Chrommental500