ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചാമ്പ്യന്‍മാര്‍ക്ക് കനത്ത തിരിച്ചടി; ഫ്രഞ്ച് സൂപ്പര്‍താരം പരിക്കുകളോടെ കളം വിട്ടു
Football
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചാമ്പ്യന്‍മാര്‍ക്ക് കനത്ത തിരിച്ചടി; ഫ്രഞ്ച് സൂപ്പര്‍താരം പരിക്കുകളോടെ കളം വിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 1:13 pm

ഇന്നലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമനിലയില്‍ പിരിയുകയായിരുന്നു.

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കാസെമിറോ നേടിയ ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തുണച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ യൂണൈറ്റഡ് ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

അതേസമയം 87ാം മിനിട്ടില്‍ ചെല്‍സിയുടെ ജോര്‍ജിഞ്ഞോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി മത്സരം സമനിലയലാക്കി.

പ്രീമിയര്‍ ലീഗിലെ 11 മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് പട്ടികയില്‍ 22 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്തും യുണൈറ്റഡ് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.

എന്നാല്‍ ഫിഫ ലോകകപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നിലവില ചാമ്പ്യന്മാരായ ഫ്രാന്‍സിന് ആശങ്ക ജനകമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

യുണൈറ്റഡിന്റെ സ്റ്റാര്‍ ഡിഫന്‍ഡര്‍ റാഫേല്‍ വരാന്റെ പരിക്കാണ് ഫ്രാന്‍സിനെ തളര്‍ത്തി കളഞ്ഞത്.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെന്റര്‍ ബാക്കായ വരാന് ചെല്‍സിക്കെതിരായ മത്സരത്തിനിടെ അവിചാരിതമായി പരിക്കേല്‍ക്കുകയായിരുന്നു.

 

മത്സരം തുടങ്ങി ഒരു മണിക്കൂറിനോട് അടുക്കുമ്പോഴാണ് താരത്തിന്റെ പരിക്ക്. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ കണ്ണങ്കാലിന് പരിക്കേറ്റതെന്നാണ് സൂചന. പരിക്കേറ്റയുടൻ കളത്തിൽ വീണ താരം വേദനകൊണ്ട് പുളയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്.

തുടര്‍ന്ന് യുണൈറ്റഡിന്റെ മെഡിക്കല്‍ ടീം എത്തിയശേഷം കരഞ്ഞുകൊണ്ട് വരാന്‍ കളം വിടുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വരാന് പകരം വിക്ടര്‍ ലിന്‍ലോഫാണിനെ യുണൈറ്റഡ് കാലത്തിലെത്തിച്ചു.

വരാന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം ലോകകപ്പ് നഷ്ടമാകുമെന്ന ആശങ്കയുണ്ടെന്ന സൂചനയാണ് കണ്ണീരോടെ കളം വിട്ട വരാന്‍ നല്‍കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഇത്തവണയും ഒരുപാട് പ്രതീക്ഷയുള്ള ടീമാണ്. മികച്ച് മുന്നേറ്റ നിരയും അതിനൊത്ത മധ്യ നിരയും ഡിഫന്‍സ് നിരയുമുള്ള ഫ്രാന്‍സ് നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് നിസംശയം പറയാന്‍ സാധിക്കും.

എന്നാല്‍ അവിചാരിതമയുണ്ടാക്കുന്ന താരങ്ങളുടെ പരിക്ക് വലിയ നിരാശയാണ് ടീമിനുണ്ടാക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബയും പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ്.

Content Highlights:  With only days left for the World Cup, the champions suffered a heavy blow, French superstar left the field with injuries