നിങ്ങള്‍ ക്യാപ്റ്റന്‍മാരെ പൊക്കിയാല്‍ രണ്ട് 18ാം ജേഴ്‌സി നമ്പറും ഞങ്ങളിങ്ങെടുക്കും; വനിതാ ഐ.പി.എല്ലില്‍ MI vs RCB എല്‍ ക്ലാസിക്കോ
WIPL
നിങ്ങള്‍ ക്യാപ്റ്റന്‍മാരെ പൊക്കിയാല്‍ രണ്ട് 18ാം ജേഴ്‌സി നമ്പറും ഞങ്ങളിങ്ങെടുക്കും; വനിതാ ഐ.പി.എല്ലില്‍ MI vs RCB എല്‍ ക്ലാസിക്കോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 4:52 pm

പ്രഥമ വനിതാ ഐ.പി.എല്ലിന്റെ ലേലമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. 3.40 കോടി രൂപക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതോടെ ഇതിലും നല്ലൊരു തുടക്കം വനിതാ ഐ.പി.എല്ലിന് ലഭിക്കാനില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

മന്ദാന ബെംഗളൂരുവില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടീമിന്റെ രണ്ട് 18ാം നമ്പറുകാരും ടീമിനൊപ്പം ചേരും. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഐക്കോണിക് ജേഴ്‌സി നമ്പറാണ് 18. സച്ചിന്‍ പത്താം നമ്പറിനെ പ്രശസ്തിയിലേക്കുയര്‍ത്തിയതു

പോലെ ക്രിക്കറ്റില്‍ ഏഴാം നമ്പറിന്റെ പര്യായം ധോണിയായതുപോലെ 18ാം നമ്പര്‍ വിരാടിനെ കുറിക്കുന്നതാണ്.

അതേ 18ാം നമ്പര്‍ താരമായ മന്ദാനയെ തന്നെ ടീമിലെത്തിച്ചതോടെ ഈ സാലാ കപ്പ് നംദേ എന്ന് ആരാധകര്‍ ഇപ്പോഴേ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് 18ാം നമ്പറുകാരെയും ആര്‍.സി.ബി പൊക്കിയതോടെ ഇന്ത്യന്‍ ടീമിന്റെ രണ്ട് ക്യാപ്റ്റന്‍മാരെയും പൊക്കിയാണ് മുംബൈ ഇന്ത്യന്‍സ് വനിതാ ഐ.പി.എല്ലില്‍ വരവറിയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ 1.80 കോടി രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

ഇതോടെ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ബ്ലൂ ആര്‍മിയുടെ ഭാഗമാകുകയാണ്.

ഇന്ത്യയെ ആദ്യമായി വനിതാ ക്രിക്കറ്റില്‍ കിരീടം ചൂടിച്ച ഷെഫാലി വര്‍മയെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് സ്വന്തമാക്കിയത്. രണ്ട് കോടി രൂപക്കാണ് താരത്തെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ഇതിന് പുറമെ 2.20 കോടി രൂപക്ക് ജമൈമ റോഡ്രിഗസിനെയും ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.

 

3.20 കോടി രൂപക്ക് ആഷ്‌ലീഗ് ഗാര്‍ഡ്‌നറിനെ സ്വന്തമാക്കിയാണ് ഗുജറാത്ത് ജയന്റ്‌സ് സ്വന്തമാക്കിയത്. ഐ.എല്‍. ടി-20യില്‍ ഗള്‍ഫ് ജയന്റ്‌സ് കപ്പടിച്ചതിന്റെ അതേ ആവേശമായിരുന്നു ഓക്ഷന്‍ ടേബിളില്‍ ജയന്റ്‌സിനുണ്ടായിരുന്നത്. വനിതാ ഐ.പി.എല്ലിലെ ഏറ്റവും മികച്ച പിക്കുകളിലൊന്നായ ഓസീസ് ഹാര്‍ഡ് ഹിറ്റര്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിസ്മയം കാട്ടുമെന്നുറപ്പാണ്.

 

Content highlight: WIPL Auction