ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സമ്പൂര്‍ണ പരാജയമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടായി മാറിയ, ഗാബ കീഴടക്കാന്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച പന്തിന് ടി-20 ഫോര്‍മാറ്റില്‍ കാലമിത്രയായിട്ടും തിളങ്ങാന്‍ സാധിച്ചിട്ടില്ല.
ടി-20 ഫോര്‍മാറ്റില്‍ മികവ് തെളിയിച്ച പല താരങ്ങളും പുറത്ത് നില്‍ക്കുമ്പോഴാണ് റിഷബ് പന്ത് വീണ്ടും ടീമില്‍ ഇടം നേടുന്നത്. ടി-20യില് ഒന്നിന് പിറകെ ഒന്നായി പരാജയമായി മാറിയിട്ടും റിഷബ് പന്തില്‍ തന്നെ കടിച്ചു തൂങ്ങുന്ന സെലക്ടര്‍മാരുടെ ചേതോവികാരമാണ് മനസിലാവാത്തതെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടി-20യില്‍ ഓപ്പണറായാണ് താരം കളത്തിലിറങ്ങിയത്. ടീമിന് ഒരു തരത്തിലും ഇംപാക്ട് ഉണ്ടാക്കാത്ത, ടീം സ്‌കോറിന് ഉപകരിക്കാത്ത തരത്തിലുള്ള ഇന്നിങ്‌സാണ് താരം പുറത്തെടുത്തത്.
13 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. അതായത് സ്‌ട്രൈക്ക് റേറ്റ് 50ലും താഴെ, കൃത്യമായി പറഞ്ഞാല്‍ 46.15. ടെസ്റ്റ് കളിക്കുന്ന അതേ ശൈലിയിലാണ് പന്ത് ടി-20യിലും കളിക്കുന്നത് എന്ന് സാരം.
അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സ്, നാല് പന്തില്‍ നിന്നും ആറ് റണ്‍സ്, 13 പന്തില്‍ നിന്നും ആറ് റണ്‍സ് – ഇതാണ് റിഷബ് പന്തിന്റെ അവസാന മൂന്ന് ടി-20യിലെ സ്‌കോര്‍. ടോട്ടല്‍ സ്‌കോര്‍ 15, ശരാശരി അഞ്ച്. ഇതാണോ ടി-20 ഫോര്‍മാറ്റില്‍ പുറത്തെടുക്കേണ്ട പ്രകടനം?
ഫിനിഷറായും ഓപ്പണറായും പരാജയപ്പെടുന്ന റിഷബ് പന്തിന് പകരം മറ്റേതെങ്കിലും ഒരു താരത്തെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തണം. വെറുതെ സ്‌ക്വാഡില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടും കാര്യമില്ല, കളിക്കാനും അവസരം നല്‍കണം.
റിഷബ് പന്തിനേക്കാളും ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന സ്ഥാനം അര്‍ഹിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ സഞ്ജു അക്കാര്യം പലകുറി തെളിയിച്ചതുമാണ്.
വിക്കറ്റിന് പിന്നിലെ പ്രകടനവും ബാറ്റിങ്ങിലെ അറ്റാക്കിങ് കളിശൈലിയും പല തവണ ഇന്ത്യക്ക് തുണയായിട്ടുണ്ട്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പ്രകടനം മാത്രം നോക്കിയാല്‍ ടി-20 ഫോര്‍മാറ്റില്‍ പന്തിനേക്കാള്‍ എന്തുകൊണ്ടും മികച്ചവന്‍ സഞ്ജു ആണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അപൂര്‍വമായി മാത്രമാണ് സഞ്ജുവിന് സ്‌ക്വാഡില്‍ ഇടം ലഭിക്കുന്നത്. മാത്രമല്ല സ്‌ക്വാഡില്‍ ഇടം ലഭിച്ചാലും പലപ്പോഴും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാനും സാധിക്കുന്നില്ല.
ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 191 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.