ന്യൂദല്‍ഹി: ഒരു കാര്യം കൂടി രാജ്യത്തു നടപ്പായാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം നിലവില്‍ വന്നാല്‍ താന്‍ വിരമിക്കുമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ് പറഞ്ഞത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതും രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്നതുമായിരുന്നു തന്റെ ഏറെനാളായുള്ള ആഗ്രഹങ്ങളെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതു രണ്ടും നടപ്പിലായ സ്ഥിതിക്ക് ഇനി ജനസംഖ്യാ നിയന്ത്രണ നിയമം കൂടിയാണു തന്റെ ആഗ്രഹമെന്നും സിങ് പറഞ്ഞു.
സിങ് ഏറെനാളായി ആവശ്യപ്പെടുന്ന കാര്യമാണു ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം. ഇന്ത്യയിലെ വളരുന്ന ജനസംഖ്യ രണ്ടാംഘട്ട കാന്‍സറാണെന്ന് അദ്ദേഹം സെപ്റ്റംബറില്‍ ദല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനസംഖ്യ കൂടുന്നത് സമ്പദ്‌വ്യവസ്ഥ താളംതെറ്റാനും സാമൂഹിക ഐക്യം തകരാനും കാരണമാകുമെന്ന് ഒരിക്കല്‍ സിങ് ട്വീറ്റ് ചെയ്തിരുന്നു. ഇതു നിയന്ത്രിക്കാനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ടുവരണമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.