Kerala News
ജീവിതമാണ് ലഹരിയെന്നതാകണം മുദ്രാവാക്യം; സംസ്ഥാനം ലഹരിക്കെതിരായ യുദ്ധത്തില്‍: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 01:21 pm
Wednesday, 9th April 2025, 6:51 pm

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന യുദ്ധം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായ മഹായജ്ഞത്തിന് നാടിന്റെ പിന്തുണ വേണമെന്നും ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നുവെന്നും യുദ്ധം അവിടങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും ഈ മാസം 17ന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തില്‍ 12 കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടിയെന്നും മാര്‍ച്ച് 31 വരെ 12,760 ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം നടത്തി സംയുക്ത ആക്ഷന്‍ പ്ലാന്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍, ഡി.ജെ പാര്‍ട്ടി നടക്കുന്ന സ്ഥലങ്ങള്‍, ടര്‍ഫുകള്‍, യുവാക്കളുടെ ഒത്തുചേരലുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ലോഡ്ജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി രഹിത കേരളത്തിനായി സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ കൂട്ടായ്മ രേഖപ്പെടുത്തുമെന്നും പദ്ധതികള്‍ ഊര്‍ജിതമായി തുടരുമെന്നും സ്‌കൂളുകളിലും കേളേജുകളിലും ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Life is addiction, the slogan should be; State in war against addiction: Pinarayi Vijayan