ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് ദേശീയ നേതാവും നടിയുമായ ഖുശ്ബു. കോണ്‍ഗ്രസില്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു. ദല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഖുശ്ബു നിലപാട് വ്യക്തമാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ അറിയിച്ചുക്കൊണ്ട് ഖുശ്ബു രംഗത്തെത്തിയതിന് പിന്നാലെ നടി കോണ്‍ഗ്രസ് വിടുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസനയത്തിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയ സമയത്ത് തന്നെ നയത്തെ സ്വാഗതം ചെയ്തുക്കൊണ്ട് തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവായ ഖുശ്ബു രംഗത്തെത്തിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന അടുത്ത കോണ്‍ഗ്രസ് നേതാവായിരിക്കും ഖുശ്ബുവെന്ന പ്രചാരണങ്ങളും ശക്തമായി.
എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ചൂണ്ടിക്കാട്ടി നടി ആ സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു.
‘സംഘികള്‍ ഒന്നടങ്ങണം. ആഘോഷിക്കാന്‍ നില്‍ക്കേണ്ടതില്ല. ഞാന്‍ ബി.ജെ.പിയിലേക്കില്ല. സ്വന്തമായ മനസ്സും ചിന്താശേഷിയുള്ള ഒരു വ്യക്തിയായ എനിക്ക് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. ദേശീയ വിദ്യാഭ്യാസനയത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. പക്ഷെ ഈ മാറ്റത്തെ പോസിറ്റീവായി കാണാന്‍ സാധിക്കുമെന്ന് കരുതുന്നു.’ എന്നായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നത്. നിലപാട് വ്യക്തമാക്കി അവര്‍ പലതവണ സോഷ്യല്‍ മീഡിയയില്‍ വരികയും ചെയ്തിരുന്നു.
എങ്കിലും ഖുശ്ബു കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തുടര്‍ന്നിരുന്നു. കോണ്‍ഗ്രസ് പരിപാടികളില്‍ ഖുശ്ബുവിന്റെ സാന്നിധ്യമില്ലെന്നും ഇത് പാര്‍ട്ടി വിടുന്നതിന്റെ സൂചനയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഹാത്രാസ് പെണ്‍കുട്ടി നീതി ആവശ്യപ്പെട്ടുക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളില്‍ അവര്‍ പങ്കെടുത്തതിനെ പിന്നാലെ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ബി.ജെ.പിയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഖുശ്ബു ഒരിക്കല്‍ കൂടി രംഗത്തെത്തിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക