മെസി പ്രീമിയർ ലീഗ് കളിക്കുമോ? അർജന്റീന ഇതിഹാസത്തെ നോട്ടമിട്ട് ഇംഗ്ലീഷ് ക്ലബ്ബ്
2022 FIFA World Cup
മെസി പ്രീമിയർ ലീഗ് കളിക്കുമോ? അർജന്റീന ഇതിഹാസത്തെ നോട്ടമിട്ട് ഇംഗ്ലീഷ് ക്ലബ്ബ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 11:04 pm

ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് എത്തുമ്പോൾ മികച്ച ഫോമിലാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. മൂന്ന് ഗോളുകളാണ് മെസി ഖത്തർ ലോകകപ്പിൽ ഇതുവരെ സ്വന്തമാക്കിയത്.

ഡിസംബർ 10 ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12:30 ന് നെതർലാ ൻഡ്സിനോടാണ് അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ വിജയിക്കാനായാൽ അർജന്റീനക്ക് സെമി ഫൈനലിലേക്ക് കടക്കാം.


ലോകകപ്പിന് മുമ്പേ തന്നെ ലീഗ് വണ്ണിലും, ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം തന്നെയാണ് താരം പി.എസ്.ജി ക്കായി കാഴ്ചവെച്ചത്. ലീഗ് വണ്ണിൽ 15 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളും ചാമ്പ്യൻസ് ലീഗിൽ നിന്നും നാല് ഗോളുകളുമാണ് മിശിഹാ ഇതുവരെ നേടിയത്.

നെയ്മർ-മെസി-എംബാപ്പെ ത്രയം മികച്ച ഫോമിലും ഒത്തിണക്കത്തിലുമാണ് പി.എസ്.ജിക്കായി കളിക്കുന്നത്.


എന്നാൽ ക്ലബ്ബ് ഫുട്ബോളിൽ അടുത്ത മാസം ജനുവരി ഒന്നിന് പുതിയ ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ മെസിയെ പി. എസ്.ജിയിൽ നിന്നും ചെൽസിയിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ തയ്യാ റാക്കുകയാണ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെ ഉടമ ടോഡ് ബോഹ്ലിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഡീൻ ജോൺസാണ് മെസിയെ സ്വന്തമാക്കാൻ ചെൽസി ഫുട്ബോൾ ക്ലബ്ബിന് താല്പര്യമുണ്ടെന്ന തരത്തിലുള്ള വാർത്ത പുറത്തു വിട്ടത്. നിലവിൽ പ്രീമിയർ ലീഗിൽ പ്രകടനം മോശമായ ചെൽസിക്ക് ഏറ്റവും അനുയോജ്യമായ സൈനിങ് ആയാണ് മെസിയെ ചെൽസി മാനേജ്മെന്റ് കാണുന്നതെന്നും അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നു.

മത്സരഫലം മെച്ചപ്പെടുത്തുന്നതിനൊപ്പം ബിസിനസ്‌ താല്പര്യങ്ങളും മെസിയെ ടീമിലെത്തിക്കുന്നതിനെ സംബന്ധിച്ച് ടോഡ് ബോഹ്ലിക്കുണ്ടെന്നും ജോൺസ് പറയുന്നു.
എന്നാൽ മെസി യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യതയെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ട്‌ ചെയ്യുന്നത്.


നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന മെസി പി.സ്.ജി യുടെ മുന്നേറ്റ നിരയുടെ അഭിവാജ്യ ഘടകമാണെന്നിരിക്കെ 2023 വരെ കരാറിലുള്ള മെസിയെ വിട്ടുനൽകാൻ പി.സ്. ജി തയാറാക്കാൻ സാധ്യതയില്ല.


മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റൊണാൾഡോയെ ചെൽസി സ്വന്തമാക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. റൊണാൾഡൊയുടെ ബ്രാൻഡ് മൂല്യം ഉപയോഗിച്ച് ചെൽസി ബിസിനസ്‌ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു എന്ന വാർത്തകൾ തന്നെയാണ് ആ ട്രാൻസ്ഫറിനെ ചുറ്റിപറ്റിയും ഉയർന്ന് കേട്ടത്.


അതേസമയം ബ്രസീൽ-ക്രൊയേഷ്യ മത്സര വിജയികളെയാണ് ക്വാർട്ടർ ഫൈനൽ വിജയിക്കാൻ സാധിച്ചാൽ അർജന്റീന സെമി ഫൈനലിൽ നേരിടുക.
അർജന്റീനക്കും ബ്രസീലിനും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വിജയിക്കാനായാൽ ഖത്തറിൽ അർജന്റീന-ബ്രസീൽ സൂപ്പർ സെമി ഫൈനൽ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.

Content Highlights:Will Messi play in the Premier League English club trying signing at the Argentine legend