കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിം അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍. ഇക്കാര്യം പാര്‍ട്ടി നേതൃത്വം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് പേരുടെ ജീവന്‍ നഷ്ടമായതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. പാര്‍ട്ടിയിലുള്ളവര്‍ക്ക് പങ്കുണ്ടെങ്കില്‍ പുറത്താക്കുമെന്ന് നേരത്തെ അറിയിച്ചതാണ്. കൊലപാതകത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ പീതാംബരനാണെങ്കിലും അവരെ പാര്‍ട്ടിയില്‍ വെക്കില്ല. പാര്‍ട്ടി നയം അതല്ല.”
നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരനായ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. പീതാംബരനെ ആക്രമിച്ച കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പീതാംബരന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും കൃപേഷിനും ശരത് ലാലിനും ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു.
ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവര്‍ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു.
ഞായറാഴ്ചയാണ് കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത് ലാലും കൃപേഷും പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പായിരുന്നു അതെന്നും, സി.പി.ഐ.എം പ്രാദേശിക നേതാവ് ശരത് ലാലിനേയുംകൃപേഷിനേയും ജീപ്പില്‍ വന്ന സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതുകൂടാതെ, ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലെത്തി വസ്ത്രം മാറിയാണ് പോയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് മൊബൈല്‍ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചത്.
ALSO READ: മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍
രണ്ടെണ്ണം ശരത് ലാലിന്റേയും ഒരെണ്ണം കൃപേഷിന്റേയുമാണെന്ന് കണ്ടെത്തി. പിന്നെയുള്ള ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന തുടരുകയാണ്.
WATCH THIS VIDEO: