ജെ.എന്‍.യു അധികൃതര്‍ക്ക് സി.വി സമര്‍പ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് റോമില ഥാപ്പര്‍
national news
ജെ.എന്‍.യു അധികൃതര്‍ക്ക് സി.വി സമര്‍പ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് റോമില ഥാപ്പര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2019, 12:47 pm

ന്യൂദല്‍ഹി: ജെ.എന്‍.യു അധികൃതര്‍ക്ക് തന്റെ സി.വി സമര്‍പ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചരിത്രകാരി റോമില ഥാപ്പര്‍. എമെറിറ്റ പദവി തനിക്ക് ആജീവാനന്ത കാലത്തേക്ക് നല്‍കിയിട്ടുള്ളതാണെന്നും ഇപ്പോള്‍ സി.വി ആവശ്യപ്പെടുന്നത് ഇതിന് വിരുദ്ധമായിട്ടാണെന്നും റോമില ഥാപ്പര്‍ പറഞ്ഞു.

യോഗ്യത വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ജെ.എന്‍.യു രജിസ്ട്രാര്‍ റോമില ഥാപ്പറിന് കത്തയച്ചിരുന്നു. എമെറിറ്റ പ്രൊഫസര്‍ പദവിയില്‍ തുടരണമെങ്കില്‍ ഥാപ്പറുടെ അക്കാദമിക പ്രവര്‍ത്തി പരിചയം സര്‍വകലാശാല കമ്മിറ്റിയ്ക്ക് വിലയിരുത്തേണ്ടതുണ്ടെന്നാണ് രജിസ്ട്രാര്‍ ഥാപ്പര്‍ക്ക് കത്തെഴുതിയിരുന്നത്.

87 കാരിയായ റൊമില ഥാപ്പര്‍ ജെ.എന്‍.യുവില്‍ പ്രൊഫസറായിരുന്നു. വിരമിച്ചതിന് ശേഷം എമെറിറ്റ പ്രൊഫസര്‍ (Professor Emerita) പദവിയില്‍ തുടരുകയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള വളരെ കുറച്ച് അക്കാദമിക്കുകള്‍ക്ക് മാത്രമാണ് ജെ.എന്‍.യു ഈ പദവി നല്‍കുന്നത്. വിരമിക്കുന്ന പ്രൊഫസറുടെ വകുപ്പിന്റെ നിര്‍ദേശപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍, എക്സ്‌ക്യൂട്ടീവ് കൗണ്‍സില്‍ എന്നിവ ചേര്‍ന്നാണ് പദവിയിലേക്ക് തെരഞ്ഞെടുക്കുന്നത്.

എമെറിറ്റ പ്രൊഫസറായി തുടരുന്നയാള്‍ക്ക് സര്‍വകലാശാല വേതനമൊന്നും നല്‍കുന്നില്ല. അക്കാദമിക് ജോലികള്‍ തുടരുന്നതിനായി സര്‍വകലാശാലയില്‍ ഒരു മുറിയും വല്ലപ്പോഴും ക്ലാസെടുക്കാനും വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കാനും മാത്രമാണ് അനുമതി.

1970 മുതല്‍ 1991 വരെ ജെ.എന്‍.യുവില്‍ പ്രൊഫസറായിരുന്ന ഥാപ്പര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി അധ്യാപന, ഗവേഷണ മേഖലയില്‍ സജീവമാണ്. റൊമീല ഥാപ്പറുടെ പുസ്തകമായ ‘ദ പബ്ലിക്ക് ഇന്റലക്ച്വല്‍ ഇന്‍ ഇന്‍ഡ്യ’ യില്‍ മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് വിമര്‍ശനമുന്നയിക്കുന്നുണ്ട്.