ആകെയുള്ളത് രണ്ട് ടെസ്റ്റ്, കൊണ്ടുപോകുന്നത് നാല് കീപ്പര്‍മാരെ! ഇവിടെ മരുന്നിന് ഒന്നിനെ എടുക്കാനില്ലാത്തപ്പോഴാണ് അവന്‍മാരുടെ അഹങ്കാരം
Sports News
ആകെയുള്ളത് രണ്ട് ടെസ്റ്റ്, കൊണ്ടുപോകുന്നത് നാല് കീപ്പര്‍മാരെ! ഇവിടെ മരുന്നിന് ഒന്നിനെ എടുക്കാനില്ലാത്തപ്പോഴാണ് അവന്‍മാരുടെ അഹങ്കാരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th March 2023, 7:20 pm

ശ്രീലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ (മാര്‍ച്ച് ഒമ്പത്) ഹെഗ്‌ലി ഓവലില്‍ നടക്കുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പര്യടനത്തില്‍ ആദ്യം നടക്കുന്നത്.

ശ്രീലങ്കയുടെ ടെസ്റ്റ് സ്‌ക്വാഡ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ആകെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് നാല് വിക്കറ്റ് കീപ്പര്‍മാരെയും കൊണ്ടാണ് ശ്രീലങ്കന്‍ ടീം ന്യൂസിലാന്‍ഡിലേക്ക് പറന്നിരിക്കുന്നത്.

ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്‌വെല്ല, നിഷാന്‍ മധുശങ്ക എന്നിവരാണ് ലങ്കന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെട്ടിരിക്കുന്നത്. ഏഴ് മാസത്തിലധികമായി ശ്രീലങ്ക ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത് എന്നതിനാല്‍ ആരെയാകും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശ്രീലങ്ക അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് രണ്ട് മത്സരത്തിലും നിരോഷന്‍ ഡിക്‌വെല്ലയായിരുന്നു വിക്കറ്റിന് പിന്നില്‍ ശ്രീലങ്കക്ക് തുണയായത്. പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ആ പരമ്പര 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.

ശ്രീലങ്ക അവസാനമായി ഒരു പരമ്പര കളിച്ചത് ഇന്ത്യയിലെത്തിയായിരുന്നു. മൂന്ന് ടെസ്റ്റും അത്ര തന്നെ ഏകദിനങ്ങളുമാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുണ്ടായിരുന്നത്.

2023 ജനുവരിയില്‍ നടന്ന ഈ രണ്ട് പരമ്പരയിലും കുശാല്‍ മെന്‍ഡിസായിരുന്നു വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്.

റിഷബ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ എസ്. ഭരത്, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് ഓപ്ഷനില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ശ്രീലങ്ക നാല് വിക്കറ്റ് കീപ്പര്‍മാരേയും കൊണ്ട് പര്യടനത്തിനിറങ്ങുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, സ്‌കോട് കഗ്ലിജന്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ബ്ലയര്‍ ടിക്നര്‍, മാറ്റ് ഹെന്റി, നീല്‍ വാഗ്‌നര്‍, ടിം സൗത്തി (ക്യാപ്റ്റന്‍)

ശ്രീലങ്ക സ്‌ക്വാഡ്

ഏഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്നെ (ക്യാപ്റ്റന്‍), ഒഷാദ ഫെര്‍ണാണ്ടോ, ചമിക കരുണരത്നെ, ധനഞ്ജയ ഡി സില്‍വ, കാമിന്ദു മെന്‍ഡിസ്, രമേഷ് മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), നിഷാന്‍ മധുശങ്ക (വിക്കറ്റ് കീപ്പര്‍), അഷിത ഫെര്‍ണാണ്ടോ, കാസുന്‍ രജിത, ലാഹിരു കുമാര, മിലന്‍ രത്നനായകെ, പ്രഭാത് ജയസൂര്യ, വിശ്വ ഫെര്‍ണാണ്ടോ.

 

Content Highlight: Wicket Keepers of Sri Lanka