ആരാണ് സാംസ്‌കാരിക വകുപ്പില്‍ ചരടുവലി നടത്തുന്നത്, എന്തുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നില്ല; ചോദ്യങ്ങളുമായി വിനയന്‍
Malayalam Cinema
ആരാണ് സാംസ്‌കാരിക വകുപ്പില്‍ ചരടുവലി നടത്തുന്നത്, എന്തുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നില്ല; ചോദ്യങ്ങളുമായി വിനയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 9:36 am

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ സംവിധായകന്‍ വിനയന്‍. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമയില്‍ യാതൊരു വിധ വേര്‍തിരിവുകളും ഇല്ലാതിരിക്കാനുള്ള നിര്‍ദ്ദേശിച്ചു കൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും എന്നാണ് കമ്മീഷന്‍ തന്നോട് പറഞ്ഞത്. പിന്നെ എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതെന്ന് വിനയന്‍ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രധാനമായും സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും രൂപീകരിച്ച കമ്മീഷനാണെങ്കിലും സംഘടനകളെ ഉപയോഗിച്ച് സിനിമയില്‍ നടക്കുന്ന വിലക്കുകളേയും, വൈരാഗ്യം തീര്‍ക്കലിനേയും നിശിതമായി വിമര്‍ശിക്കുന്ന ഒരു റിപ്പോര്‍ട്ടു കൂടിയാണ് ജസ്റ്റീസ് ഹേമ സമര്‍പ്പിച്ചിരിക്കുന്നതാണ് അറിഞ്ഞതെന്നും വിനയന്‍ പറഞ്ഞു.

വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ആര്‍ക്കെതിരെയും സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന വിലക്കുകളും ഒറ്റപ്പെടുത്തലുകളും ഇനി മേലില്‍ മലയാളസിനിമയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി നിര്‍ദ്ദേശിച്ചു കൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും എന്നാണ് മുമ്പ് കമ്മീഷന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാകും ആ റിപ്പോര്‍ട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ എന്നു പറയുന്നു. എന്നിട്ടും ആരാണ് സാംസ്‌കാരിക വകുപ്പില്‍ ആ റിപ്പോര്‍ട്ടിനെതിരെ ചരടുവലി നടത്തുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ബഹുമാന്യനായ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും വിനയന്‍ പറഞ്ഞു.

വിനയന്റെ പ്രതികരണം പൂര്‍ണരൂപം,

ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കമ്മീഷന്റെ മുന്നില്‍ രണ്ടു പ്രാവശ്യം വിലയേറിയ സമയം ചെലവാക്കി മൊഴി കൊടുക്കാന്‍ പോയ വ്യക്തിയെന്ന നിലയില്‍ എനിക്കു തോന്നുന്നത്, ജസ്റ്റിസ് ഹേമ കമ്മീഷന്‍ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ച് ബൃഹുത്തായ ഒരു റിപ്പോര്‍ട്ട് തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ്.

കഴിഞ്ഞ ദിവസം ജസ്റ്റീസ് ഹേമയോടു സംസാരിച്ചപ്പോഴും എനിക്കങ്ങനാണു തോന്നിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രധാനമായും സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും രൂപീകരിച്ച കമ്മീഷനാണെങ്കിലും സംഘടനകളെ ഉപയോഗിച്ച് സിനിമയില്‍ നടക്കുന്ന വിലക്കുകളേയും, വൈരാഗ്യം തീര്‍ക്കലിനേയും നിശിതമായി വിമര്‍ശിക്കുന്ന ഒരു റിപ്പോര്‍ട്ടു കൂടിയാണ് ജസ്റ്റീസ് ഹേമ സമര്‍പ്പിച്ചിരിക്കുന്നതെന്നറിയുന്നു.

കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എന്റെ തൊഴില്‍ വിലക്കിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു. എന്നെ വിലക്കാന്‍ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെ ഉള്ള സുഹൃത്തുക്കള്‍ അന്ന് ഹേമ കമ്മീഷനില്‍ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോയിട്ടുണ്ട് അവിടെ ഞങ്ങള്‍ ജയിക്കും എന്നാണ്.

എന്നാല്‍ സുപ്രീം കോടതിയും അവരുടെ ശിക്ഷ ശരിവച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കമ്മീഷന്‍ എന്നെ വിളിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ആര്‍ക്കെതിരെയും സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന വിലക്കുകളും ഒറ്റപ്പെടുത്തലുകളും ഇനി മേലില്‍ മലയാളസിനിമയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി നിര്‍ദ്ദേശിച്ചു കൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും എന്നാണ് അന്നു കമ്മീഷന്‍ പറഞ്ഞത്. അങ്ങനെ തന്നെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു എന്നാണറിവ്.

പിന്നെന്തേ ആ റിപ്പോര്‍ട്ട് വെളിച്ചം കാണാത്തത്? അതിന്‍മേല്‍ നടപടി ഉണ്ടാകാതെ ആര്‍ക്കൊക്കെയോ വേണ്ടി ആ റിപ്പോര്‍ട്ട് തമസ്‌കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണ്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാകും ആ റിപ്പോര്‍ട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ എന്നു പറയുന്നു.. എന്നിട്ടും ആരാണ് സാംസ്‌കാരിക വകുപ്പില്‍ ആ റിപ്പോര്‍ട്ടിനെതിരെ ചരടുവലി നടത്തുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ബഹുമാന്യനായ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലുള്ള ജീര്‍ണ്ണിച്ച അവസ്ഥ ഈ രംഗത്ത് ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. അതുകൊണ്ട് ഒരു കോടിയിലധികം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കി ഉണ്ടാക്കിയ ആ റിപ്പോര്‍ട്ട് മറ്റ് പല റിപ്പോര്‍ട്ടുകളും പോലെ പരണത്താകരുതെന്ന് അപേക്ഷിക്കുന്നു.

Why the Justice Hema Commission report is not coming out; Director Vinayan with questions