സിമ്പിള്‍ ചോദ്യമാണ്. ഒരു കളി പോലും കളിപ്പിക്കാതെ എന്തിന്റെ അടിസ്ഥാനത്തില്‍ ഡ്രോപ്പ് ചെയ്തു? അര്‍ഹതയുള്ളവനെ പുറത്തുനിര്‍ത്തുമ്പോള്‍ പ്രതിഷേധിക്കുന്നവരുടെ മുറവിളി കൂടുതലാകുന്നതു സ്വാഭാവികമാണ്. തത്ക്കാലത്തേക്കു കാറ്റൊന്നു ശമിപ്പിക്കാന്‍ ഇന്ത്യയുടെ 15 അംഗ ടീമിലേക്കു തെരഞ്ഞെടുക്കുകയും ഒരു കളി പോലും കളിപ്പിക്കാതെ അടുത്ത ടൂര്‍ണമെന്റില്‍ ഒഴിവാക്കുകയും ചെയ്യുന്ന രീതികള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവാണ്. അല്ലെങ്കില്‍ ഒരു കളിയില്‍ അവസരം കൊടുക്കുകയും അതില്‍ പരാജയമായാല്‍ അപ്പോഴേ എടുത്തുകളയുകയും ചെയ്യും.
ഇവിടെ എന്തായാലും കീപ്പിങ്ങിലും ബാറ്റിങ്ങിലും ബെറ്റര്‍ ടെക്‌നിക്ക് ഉള്ളൊരു ബാറ്റ്‌സ്മാന് ഒരവസരം നല്‍കിക്കഴിഞ്ഞു. അയാളെങ്ങാന്‍ ഫോമിലായാല്‍ പിന്നെ യാതൊരു ഒഴിവുകഴിവും വിലപ്പോകില്ല എന്ന ഭീതികൊണ്ട് സെലക്ടര്‍മാര്‍ അവസരം നല്‍കാതിരുന്നതാണ് എന്നു കരുതണോ വേണ്ടയോ എന്നത് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീം അനൗണ്‍സ്‌മെന്റ് കഴിഞ്ഞു വെളിപ്പെടുമെന്നത് ഉറപ്പായിരുന്നു.
വലിയ അദ്ഭുതങ്ങള്‍ ഒന്നുമില്ല. ബംഗ്ലാദേശ് പരമ്പരക്കുള്ള 15 അംഗ ടീമിലെടുത്ത ശേഷം ഒരവസരം പോലും നല്‍കാതെ നിര്‍ത്തിയ സഞ്ജു സാംസണെ ഇത്തവണ ടീമില്‍ നിന്നു തന്നെ ഒഴിവാക്കിയിരിക്കുന്നു. വെല്‍ഡണ്‍ സെലക്ഷന്‍ കമ്മിറ്റി.. കോമാളിക്കൂട്ടമെന്ന വിളിപ്പേരു മാറ്റാനുള്ള സമയമായിട്ടില്ല. മൊഹീന്ദര്‍ അമര്‍നാഥ് എത്ര കൃത്യമായിട്ടാണവരെ അഭിസംബോധന ചെയ്തത് എന്നോര്‍ക്കുമ്പോള്‍ സിംപ്ലി രോമാഞ്ചം മാത്രം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഋഷഭ് പന്ത് കടുത്ത സമ്മര്‍ദ്ദത്തിലാണുള്ളത്, അയാളെ വെറുതെ വിടൂ എന്നു പറയുന്ന സുനില്‍ ഗവാസ്‌കറും രോഹിത് ശര്‍മയും സൗകര്യപൂര്‍വം മറന്നുപോകുന്ന കാര്യമാണ്, ഹൈപ്പിനൊപ്പം വരുന്ന കാര്യമാണ് സമ്മര്‍ദ്ദവും.
നന്നേ ചെറുപ്പത്തില്‍ത്തന്നെ അസാമാന്യ പ്രതിഭ എന്നു വാഴ്ത്തപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഹൈപ്പിനൊപ്പം സമ്മര്‍ദ്ദവും പേറിക്കൊണ്ട് എത്തിപ്പെടുന്നത് സിയാല്‍കോട്ടിലെ ഒരു ഗ്രീന്‍ ട്രാക്കില്‍ വസീം അക്രവും ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസും നയിക്കുന്ന, എങ്ങനെ നോക്കിയാലും ഇന്നത്തെ ഏതൊരു ലോകോത്തര പേസ് ആക്രമണത്തെക്കാളും കുറച്ചധികം പടികള്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ഭീഷണമായ ആക്രമണത്തെ നേരിട്ടുകൊണ്ടാണ്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടു പയ്യനെ ഭയപ്പെടുത്തിയോ പരിക്കേല്‍പ്പിച്ചോ പുറത്താക്കാന്‍ വസീം അക്രവും വഖാറും നടത്തിയ ശ്രമങ്ങളെ, വഖാറിന്റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടു പോലും പതറാതെ നേരിട്ട തെണ്ടുല്‍ക്കര്‍ എന്ന അന്നത്തെ പയ്യന്‍, ഒരു ശതമാനം പോലും അധികമില്ല തന്നെ ചുറ്റിയുള്ള ഹൈപ്പ് എന്നാണു സമാനതകളില്ലാത്ത കരിയര്‍ ഗ്രാഫ് കൊണ്ടു തെളിയിച്ചത്. ഹൈപ്പുമായി വരുന്ന ഏതൊരു യുവതാരത്തിനും തെണ്ടുല്‍ക്കറെ പോലെയാകാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ പ്രതിഭയോടു കുറച്ചെങ്കിലും നീതി പുലര്‍ത്തുന്ന പ്രകടനങ്ങളാണു പ്രതീക്ഷിക്കുന്നത്.
ഋഷഭ് പന്ത് ഇതുവരെ നിരാശപ്പെടുത്തിയെന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. 12 ഏകദിനവും 20 ട്വന്റി20യും കളിച്ചുകഴിഞ്ഞ പന്തിന് ഇനിയും അവസരം നല്‍കി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നല്ല പറയുന്നത്. അതിന്റെ പകുതി അവസരമെങ്കിലും സഞ്ജു സാംസണ്/ഇഷാന്‍ കിഷനു നല്‍കി നോക്കുന്നതിനു നിങ്ങള്‍ക്കെന്താണു ഭയം എന്നാണു ചോദ്യം. പന്തിനെ മറികടന്ന് ഇവിടെ നിന്നൊരു ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഉയര്‍ന്നുവരുന്നതിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമാണികള്‍ ഭയക്കുന്നു എന്നതല്ലേ സത്യം?
ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തിലായാലും കീപ്പിംഗിന്റെ കാര്യത്തിലായാലും പന്തിനേക്കാള്‍ കാതങ്ങള്‍ മുന്നില്‍ നില്‍ക്കുന്നൊരു കളിക്കാരനെ ഇപ്രകാരം അവഗണിക്കുന്നതില്‍ വേറെന്താണ് ലോജിക്?
ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ ഒരു തകര്‍പ്പന്‍ 91 അടിച്ച ശേഷമാണ് വിജയ് ഹസാരെ ട്രോഫിയില്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും വേഗതയാര്‍ന്ന ഡബിള്‍ സെഞ്ച്വറി ഗോവക്കെതിരെ (50 ഓവര്‍ ഫോര്‍മാറ്റില്‍) അടിച്ചെടുത്ത സഞ്ജു, മറികടന്നത് ശിഖര്‍ ധവാന്റെയും സാക്ഷാല്‍ വീരേന്ദര്‍ സെവാഗിന്റെയും വേഗതയെയാണ്. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടത് അത്ഭുതമൊന്നും ഉളവാക്കിയില്ല. ഒരു മത്സരമെങ്കിലും കളിക്കാനുള്ള അവസരം കിട്ടുമെന്നുതന്നെ കരുതിയെങ്കിലും അതുണ്ടായില്ല എന്നതാണ് അദ്ഭുതം. പ്രത്യേകിച്ചും നിലവിലെ വിക്കറ്റ് കീപ്പര്‍ തന്റെ പരിതാപകരമായ ഫോം തുടരുന്ന സാഹചര്യത്തിലായിട്ടുപോലും.
ആദ്യ മത്സരത്തില്‍ 26 പന്തില്‍ 27 റണ്‍സെടുത്ത് ഇഴഞ്ഞുനീങ്ങിയ പന്ത് മൂന്നാമത്തെ കളിയില്‍ ഒമ്പതു ബോളില്‍ നിന്ന് ആറ് റണ്‍സാണെടുത്തത്. രണ്ടു കളികളിലും പന്തിനൊപ്പം ബാറ്റ് ചെയ്തിരുന്നവര്‍ 160-നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഹിറ്റ് ചെയ്യുമ്പോഴാണ് ഇതെന്നോര്‍ക്കണം.
ഇരുപത്തിയഞ്ചുകാരനായ സഞ്ജുവിന് അന്താരാഷ്ട്ര തലത്തില്‍ അയാളുടെ പ്രതിഭ സ്റ്റാമ്പ് ചെയ്യാനുള്ള ക്ര്യത്യമായ സമയമാണിത്. ആഭ്യന്തര ക്രിക്കറ്റില്‍ എതിരഭിപ്രായങ്ങളില്ലാതെ അയാള്‍ തിളങ്ങിനില്‍ക്കുന്ന സമയമായിട്ടുകൂടി അയാള്‍ക്കൊരു അവസരം ലഭിക്കുന്നില്ലെങ്കില്‍ അതില്‍പ്പരം അനീതി വേറെയുണ്ടെന്നു തോന്നുന്നില്ല. എത്രനാള്‍ നിങ്ങളൊരു കളിക്കാരനെ അവഗണിച്ചാലും ഒരുദിവസം അയാള്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്നു മുന്നിലേക്ക് വരുമെന്നൊക്കെ ഒരലങ്കാരത്തിനു പറയാമെന്നേയുള്ളൂ.
ഐ.പി.എല്ലിലും മറ്റും മികച്ച അന്താരാഷ്ട്ര താരങ്ങളോട് മാറ്റുരക്കാനുള്ള വേദികള്‍ ലഭിക്കുന്ന യുവ ക്രിക്കറ്റര്‍മാരുടെ ഒരു വലിയ കൂട്ടമായിരിക്കും അവസരങ്ങള്‍ക്കായി പരസ്പരം മത്സരിക്കുന്നതെന്നിരിെ, ഇനിയങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ നീണ്ട കരിയറുകള്‍ ഒരു സ്വപ്നമായി മാത്രം അവശേഷിക്കാനാണ് സാധ്യത. പ്രത്യേകിച്ചും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍. മഹേന്ദ്രസിംഗ് ധോണിയുടേത് പോലുള്ളൊരു സ്വപ്നസമാനമായ കരിയര്‍ ഇനി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ അവസരങ്ങള്‍ കൃത്യമായി ലഭിച്ചിട്ടും മികവു പുറത്തെടുക്കാത്ത പ്രതിഭകളെ ആഭ്യന്തര ക്രിക്കറ്റിലേക്കു തിരികെയയച്ചു ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് അവസരം നല്‍കേണ്ടതാണ്. സെലക്ടര്‍മാരുടെ കോമാളിത്തരങ്ങള്‍ക്കിരയായി തുരുമ്പിച്ചുപോകുന്ന പ്രതിഭകള്‍ക്കുദാഹരണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാടുണ്ടെങ്കിലും സഞ്ജു സാംസണെ പോലൊരു പ്രതിഭയെ ആ വഴിയിലേക്കു തള്ളിവിടാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
വിജയ് ശങ്കറിനെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനായി കളിപ്പിക്കാന്‍ മാത്രം വിപ്ലവാത്മകമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ടീം മാനേജ്മെന്റ് ഒരു പ്രോപ്പര്‍ ബാറ്റ്സ്മാനായി മാത്രം ടീമിലെത്താന്‍ കെല്‍പുള്ളതെന്നു വിലയിരുത്തപ്പെടുന്ന ഒരു കളിക്കാരന്റെ നേര്‍ക്ക് ഇത്തരമൊരു നയം സ്വീകരിക്കുന്നതില്‍ അത്ഭുതമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് തീര്‍ത്തും വ്യത്യസ്തമായ ഒരു ബോള്‍ ഗെയിമാണെന്ന വാദം അംഗീകരിക്കുമ്പോള്‍ മറുവശത്തു പന്തൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ഐ.പി.എല്ലിന്റെ തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെട്ട രണ്ടു മത്സരങ്ങളുണ്ട്. മുംബൈ-ദല്‍ഹി മത്സരത്തില്‍ ആക്രമണം തുടങ്ങുന്ന പന്തിനെതിരെ കൃത്യമായ ഫീല്‍ഡ് ഒരുക്കാതെ അലസത കാട്ടി രോഹിത് ശര്‍മ്മ കളി വിട്ടുകളയുന്നു. അടുത്ത കളിയില്‍ ധോണി കൃത്യമായി ഡീപ് സ്‌ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡറെ കൊണ്ടുവരുന്നു. പന്ത് അവിടെത്തന്നെ ക്യാച്ച് നല്‍കി പുറത്താകുന്നു. അണ്‍ ഓര്‍ത്തോഡോക്‌സ് ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ പോലും തീര്‍ത്തും പ്രെഡിക്റ്റബിള്‍ ആയ ഹിറ്റിങ് ഏരിയാസ് ഉള്ളൊരാളെ അന്താരാഷ്ട്ര ടീമുകള്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ അനായാസം തളക്കില്ല എന്നുണ്ടോ? ഐ ഡോണ്ട് തിങ്ക് സോ.
പന്തിന്റെ പരിമിതികളെ അനലൈസ് ചെയ്യല്‍ നിര്‍ത്തിയിട്ടു നമുക്ക് സഞ്ജു സാംസണിലേക്ക് വരാം. ധോണിയുടെ വിരമിക്കലിനുശേഷം ആ സ്ഥാനമേറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടിലധികം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരില്‍ ഒരാള്‍. സോളിഡ് ബാറ്റ്‌സ്മാന്‍, മികച്ച കീപ്പര്‍, മികച്ച ഔട്ട് ഫീല്‍ഡര്‍. പ്രോപ്പര്‍ ക്രിക്കറ്റിങ് ഷോട്ടുകള്‍ കളിച്ചുകൊണ്ടുതന്നെ അതിവേഗം റണ്‍സ് വാരിക്കൂട്ടാന്‍ കെല്‍പ്പുള്ള സഞ്ജു സാംസണെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പോലും കളിപ്പിക്കാന്‍ കഴിയുമെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ടോപ് ഓര്‍ഡറിലെ കരുത്ത് കണക്കിലെടുത്ത് തത്കാലം മധ്യനിരയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പൊസിഷനാകും അഭികാമ്യം.
സെലക്ടര്‍മാരും ആരാധകരില്‍ ഒരു വലിയ വിഭാഗവും പന്തില്‍ ഇത്രകണ്ട് അഭിരമിക്കുന്നതിന്റെ കാരണമായി തോന്നുന്നതു പന്തിനെ ധോണിയുടെ ഡയറക്ട് റീപ്‌ളേസ്‌മെന്റ് എന്ന നിലയില്‍ അവര്‍ കാണുന്നുണ്ട് എന്നതുകൊണ്ടാണ് എന്നുതോന്നുന്നു. അത് ഏറെക്കുറെ അസാധ്യമായ കാര്യവുമാണ്. കുറ്റപ്പെടുത്തേണ്ടത് ധോണിയെയാണ്. അദ്ദേഹം സെറ്റ് ചെയ്തു വച്ചൊരു ബെഞ്ച് മാര്‍ക്ക് തന്നെയാണ് പുറകെവരുന്ന യുവതാരങ്ങള്‍ക്കൊരു വെല്ലുവിളിയാകുന്നത്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍. ധോണിയുടെ പ്രഹരശേഷിയും ഫിനിഷിങ് മികവുമുള്ളൊരു അണ്‍ ഓര്‍ത്തോഡോക്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന സങ്കല്‍പ്പത്തിന് പൂര്‍ണത അവര്‍ കാണുന്നത് പന്തിലാണെങ്കില്‍ അതിനു കടകവിരുദ്ധമായിട്ടാണ് പന്ത് സഞ്ചരിക്കുന്നത്.
വിക്കറ്റ് കീപ്പറുടെ അടിസ്ഥാനഗുണമായ കീപ്പിങ് എന്ന ഘടകത്തില്‍ പോലും പന്ത് പുറകോട്ടാണ്. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ പന്ത് മെച്ചപ്പെടില്ല എന്നല്ല ഇഷാന്‍ കിഷനും സഞ്ജുവും ഉള്‍പ്പെടെ പ്രതിഭാശാലികളായ ഒന്നിലധികം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാര്‍ പുറത്തു കാത്തിരിക്കുമ്പോള്‍ ഇതെത്രനാള്‍ തുടരും? ധോണിയുടെ പൊസിഷനില്‍ ഒരു ക്ലാസ് ബാറ്റ്‌സ്മാനെയല്ല ട്വന്റി20-യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രതീക്ഷിക്കുന്നത് എന്നയിടത്താണ് തെറ്റ്. ബിഗ് ഹിറ്റിങ്ങില്‍ താനാരുടെയും പുറകിലല്ല എന്ന് സഞ്ജു ഐ.പി.എല്ലില്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സ്ളോഗുകളും അണ്‍ ഓര്‍ത്തോഡോക്‌സ് ഷോട്ടുകളും കൊണ്ടുമാത്രമേ സാധിക്കൂ എന്ന ധാരണയും സഞ്ജു തിരുത്തിയതാണ്.
2019 ഐ.പി.എല്ലിലെ ഹൈദരാബാദ്-ദല്‍ഹി മാച്ചാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എറിയുന്ന പതിനെട്ടാം ഓവര്‍. ഭുവിയുടെ ആദ്യത്തെ ബോള്‍ തന്നെ ഒരു സ്ലോ ലെഗ് കട്ടറാണ്. ബൗളറുടെ കൈയില്‍നിന്നുതന്നെ ബോള്‍ പിക്ക് ചെയ്യുന്ന ബാറ്റ്‌സ്മാന്‍ കവറിനു മുകളിലൂടെ അത് ഗാലറിയില്‍ എത്തിക്കുകയാണ്. ഒരു സ്ലോവര്‍ ബോളില്‍ ബാറ്റ്‌സ്മാന്‍ ജനറേറ്റ് ചെയ്ത പവര്‍ അസൂയാവഹമായിരുന്നു. അടുത്ത രണ്ട് ബോളും ചെറിയ വ്യത്യാസത്തില്‍ ഭുവി യോര്‍ക്കര്‍ മിസ് ചെയ്യുമ്പോള്‍ രണ്ടു തകര്‍പ്പന്‍ സ്‌ക്വയര്‍ ഡ്രൈവുകള്‍ ബൗണ്ടറിയിലേക്ക് ഒഴുകിപ്പോവുകയാണ്.
അടുത്ത പന്തിലൊരു ഡബിള്‍ ഓടിയെടുത്തശേഷം അഞ്ചാമത്തെ പന്ത് വീണ്ടും സ്ലോ ലെഗ് കട്ടര്‍, മനോഹരമായി പന്തിനെ ബാക് വൈഡ് പോയന്റിനും തേഡ്മാനും ഇടയിലൂടെ പ്ലേസ് ചെയ്‌തൊരു ബൗണ്ടറി. അവസാന പന്ത് പോയന്റിന് മുകളിലൂടെ മനോഹരമായി ഉയര്‍ത്തി ബൗണ്ടറിയിലേക്ക്. ഭുവിയുടെ ഓവറില്‍ പിറന്നത് 24 റണ്‍സ്. കണ്ണുമടച്ചുള്ള വൈല്‍ഡ് സ്ളോഗുകളോ എഡ്ജുകളോ കൂടാതെ പ്രോപ്പര്‍ ക്രിക്കറ്റിങ് സ്‌ട്രോക്കുകള്‍ മാത്രം കളിച്ചുകൊണ്ട് 24 റണ്‍സ് അടിച്ചെടുത്തത് സഞ്ജു സാംസണായിരുന്നു. ഇന്ത്യന്‍ ടീമിലെ ഏതെങ്കിലുമൊരു എസ്റ്റാബ്ലിഷ്ഡ് ബാറ്റ്സ്മാനാണ് ഇത്തരമൊരു ബാറ്റിങ് പ്രകടനം നടത്തിയിരുന്നതെങ്കില്‍ വാഴ്ത്തുപാട്ടുകള്‍ കൊണ്ടു നിറഞ്ഞേനേ പത്രങ്ങളും എഫ്.ബി ടൈം ലൈനുകളും. കെയിന്‍ വില്യംസണെന്ന ടാക്ടിക്കലി മികച്ചു നില്‍ക്കുന്ന നായകന്റെ ഫീല്‍ഡ് പ്‌ളേസിങ്ങുകളെയും മറികടന്നു നേടിയ സെഞ്ച്വറിക്ക് മൂല്യം കൂടുതലാണ്. ഐ.പി.എല്ലില്‍ 2,000 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍.
ധോണിയെന്ന വന്‍മരം നില്‍ക്കെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഇന്ത്യന്‍ ടീമിലേക്ക് എത്തിനോക്കാന്‍ പോലും കഴിയില്ലെന്ന സമയത്തു രംഗപ്രവേശം ചെയ്ത സഞ്ജുവിന് ഏറ്റവും വലിയ ആനുകൂല്യമാകുന്നതു ദിനേശ് കാര്‍ത്തിക്കിനെ പോലെ ധോണിയുടെ സമകാലീനനായി ജനിച്ചില്ല എന്നതാണ്. ധോണിയുഗം അവസാനിക്കുന്ന സമയത്ത്. സ്വാഭാവികമായും ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്കൊരു എന്‍ട്രി സഞ്ജുവിന് സാധ്യമാകേണ്ടതാണ് എന്ന അവസ്ഥയിലാണ് പന്തെന്ന ദല്‍ഹിയുടെ ടീനേജ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ രംഗപ്രവേശം. ദ നെക്സ്റ്റ് ബിഗ് തിങ് എന്ന ടാഗുമായി വന്ന പന്ത് വളരെ പെട്ടെന്നുതന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച പന്ത് അണ്‍ ഓര്‍ത്തോഡോക്‌സ് ബാറ്റ്‌സ്മാന്മാരിലെ അണ്‍ ഓര്‍ത്തോഡോക്‌സ് ആണെന്നത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ച് ട്വന്റി-20യില്‍ സമകാലീനരായ മറ്റുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാര്‍ക്കുമേല്‍ അയാള്‍ക്ക് ക്ര്യത്യമായ ഒരു എഡ്ജ് നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ പന്തിനു പ്രതീക്ഷകള്‍ സാധൂകരിക്കുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മാനേജ്മെന്റ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയിട്ടും ധോണിക്കുശേഷം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് അടുത്തെങ്ങുമെത്താന്‍ പന്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല.
2012 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത സ്‌ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും സഞ്ജുവിന് ഫസ്റ്റ് ഇലവനില്‍ ഇടം കിട്ടിയിരുന്നില്ല. 2013-ല്‍ കൊല്‍ക്കത്ത റിലീസ് ചെയ്യുമ്പോള്‍ പ്രതിസന്ധിയിലായ സഞ്ജുവിന് തുണയാകുന്നത് ശ്രീശാന്താണ്. നേരെ രാജസ്ഥാന്‍ റോയല്‍സില്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ മുന്നിലേക്ക്. ട്രയല്‍സില്‍ സമ്മര്‍ദ്ദമില്ലാതെ തുറന്ന് സ്‌ട്രോക്കുകള്‍ കളിച്ച പയ്യന്റെ അടുത്തെത്തി ദ്രാവിഡ് ചോദിച്ചത് ‘സഞ്ജു, നിങ്ങളില്‍ അസാമാന്യമായ പ്രതിഭ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ഞങ്ങള്‍ക്കുവേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടോ?’ എന്നാണ്. ദ്രാവിഡിനെപ്പോലൊരു ഇതിഹാസത്തിന്റെ കണ്ണുകള്‍ തിരിച്ചറിഞ്ഞ പ്രതിഭയെ അംഗീകരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് മടിക്കുന്നതെന്തിനാണ്?
പ്രാദേശിക വികാരത്തെ മുന്‍നിര്‍ത്തി മറ്റൊരു രോഹന്‍ ഗവാസ്‌കറെയോ, ജെ.പി യാദവിനെയോ സായ്രാജ് ബഹുതുലെയെയോ വിജയ് ദാഹിയയെയോ ദൊഡ്ഡ ഗണേഷിനെയോ ഇന്ത്യന്‍ ടീമിലേക്ക് തള്ളിക്കയറ്റാനല്ല നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കാന്‍ അര്‍ഹതയുള്ള ഒരു ക്രിക്കറ്റര്‍ക്ക് അയാളുടെ പ്രതിഭ ലോകത്തെ ബോധ്യപ്പെടുത്താനൊരു അവസരം നല്‍കാന്‍ വേണ്ടിയാണ്. ഇവിടത്തെ ക്രിക്കറ്റ് പ്രേമികളും കാത്തിരിക്കുന്നത് അതിനാണ്. ശ്രീശാന്തിനു ശേഷം കേരളത്തില്‍ നിന്നുവരുന്ന ലോകനിലവാരമുള്ള ഒരു ക്രിക്കറ്റര്‍ എന്നു നിസ്സംശയം പറയാം. ചിത്രത്തിലേതുപോലെ ആവനാഴിയില്‍ ഇഷ്ടം പോലെ ആയുധങ്ങളുമായി സഞ്ജു നില്‍ക്കുമ്പോള്‍ എങ്ങനെയാണയാളെ ഇനിയും അവഗണിക്കാന്‍ കഴിയുന്നതെന്ന് മനസ്സിലാകുന്നേയില്ല.
പ്രിയപ്പെട്ട സഞ്ജൂ, നിരാശനാകേണ്ട കാര്യമില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ നിങ്ങള്‍ പ്രതീക്ഷ കൈവെടിയരുത്. കൂടുതല്‍ സ്ഥിരതയോടെ, കൂടുതല്‍ ശക്തമായി വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കുക, തുറക്കാതിരിക്കാന്‍ ഇവര്‍ക്കാകില്ല.