ദൃശ്യത്തിന്റെ ആദ്യഭാഗം ഇറങ്ങി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രം വലിയ രീതിയില്‍ ക്ലിക്കായിട്ടും പിന്നീട് എന്തുകൊണ്ട് മലയാള സിനിമയില്‍ അഭിനയിച്ചില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ റോഷന്‍ ബഷീര്‍.
നിരവധി പേര്‍ ഈ ചോദ്യം തന്നോട് ചോദിച്ചിട്ടുണ്ടെന്നും മലയാളത്തില്‍ അഭിനയിക്കാത്തതിന് കാരണമുണ്ടെന്നും റോഷന്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘2013 ല്‍ ദൃശ്യം ചെയ്ത ശേഷം 2014 ല്‍ തമിഴിലും തെലുങ്കിലും ദൃശ്യത്തിന്റെ റീമേക്കില്‍ അഭിനയിച്ചു. അതിന് പിന്നാലെ തെലുങ്കിലും തമിഴിലും നിരവധി സിനിമകള്‍ ചെയ്യാന്‍ പറ്റി. പത്തിലേറെ ചിത്രങ്ങളില്‍ അങ്ങനെ അഭിനയിച്ചു. ഇതിനിടെ മലയാളത്തില്‍ നിന്ന് ചില ഓഫറുകളൊക്കെ വന്നിരുന്നു.
ഒരു നടനെന്ന നിലയില്‍ അല്ലെങ്കില്‍ ഒരു തുടക്കക്കാരനെന്ന നിലയില്‍ നമ്മള്‍ വളര്‍ച്ച ആഗ്രഹിക്കുന്നവരാണല്ലോ. ഒരേ ഗ്രാഫില്‍ പോകാന്‍ ആര്‍ക്കും ആഗ്രഹം കാണില്ല. അഭിനയിച്ചില്ലെങ്കില്‍ ഇല്ല എന്നേയുള്ളു. ദൃശ്യം പോലൊരു സിനിമ ചെയ്തിട്ട് അതുപോലെയുള്ള അല്ലെങ്കില്‍ അതിന് മുകളില്‍ റീച്ചുള്ള ഒരു സിനിമ ചെയ്യാനാണ് എന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുക. അങ്ങനെ ഒരു സിനിമ വന്നില്ല. എന്നാല്‍ അതേസമയം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നല്ല ഓഫറുകള്‍ വരികയും ചെയ്തു.
റൂട്ട് മാറിപ്പോയ ശേഷം നമ്മള്‍ തിരിച്ചു വന്ന് ചെയ്യുകയാണെങ്കില്‍ അത്രയും സ്‌ട്രോങ് ആയിട്ടുള്ള കഥാപാത്രം വരണം. 2020 കഴിഞ്ഞ ശേഷമായിരുന്നു എനിക്ക് മലയാള സിനിമയില്‍ നിന്നും കോള്‍ വരുന്നത്. ഇപ്പോള്‍ പുതുതായി ചെയ്തത് ഫോര്‍ എന്ന മൂവിയാണ്. അതിന് ശേഷം അഭിരാമി എന്നൊരു സിനിമ ചെയ്തു. അതൊക്കെയാണ് മലയാള സിനിമകള്‍. ഇനി പതുക്കെ കയറി വരണം.
ഇനി താനൊരു നൂറ് സിനിമകള്‍ ചെയ്തുകഴിഞ്ഞാലും വരുണ്‍ പ്രഭാകറും ദൃശ്യവും ഉണ്ടാക്കി ഇംപാക്ട് ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും അല്ലെങ്കില്‍ അങ്ങനെയൊരു കഥ വരണമെന്നും റോഷന്‍ പറയുന്നു. ഇപ്പോള്‍ എല്ലാവരോടും താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും നേരത്തെ അങ്ങനെയായിരുന്നില്ലെന്നും റോഷന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക