മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 ഒ.ടി.ടി റിലീസിനെത്തുന്നത് സിനിമാരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ആമസോണ്‍ പ്രൈമിലെത്തുന്ന വിവരം പുതുവര്‍ഷത്തിന് പുറത്തിറങ്ങിയ ടീസറിലാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. കൊവിഡ് കാലത്ത് നിശ്ചലമായ സിനിമാവ്യവസായത്തിന് ദൃശ്യത്തിന്റെ തിയേറ്റര്‍ റിലീസ് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.
തിയേറ്ററില്‍ വിജയം നേടുമെന്ന വലിയ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമന്വേഷിക്കുകയാണ് സിനിമാലോകം. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ തുടങ്ങുമ്പോള്‍ വിചാരിച്ചിരുന്നത് തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് തന്നെയായിരുന്നു. ഡിസംബറോടെ കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരമാകുമെന്നായിരുന്നു ജൂണിലും വിചാരിച്ചിരുന്നത്. അങ്ങനെ ജനുവരിയിലെങ്കിലും ചിത്രമിറക്കാമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ എല്ലാം നീണ്ടുനീണ്ടു പോയി. ഇതിനിടിയില്‍ ആമസോണ്‍ ആന്റണി പെരുമ്പാവൂരിനോട് സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ തിയേറ്ററില്‍ ഇറങ്ങി കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് തീരുമാനം എടുക്കാതെ വെച്ചിരിക്കുകയായിരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞു.
‘പിന്നെ യു.കെയിലും മറ്റു രാജ്യങ്ങളിലും പുതിയ കൊറോണ സ്ട്രെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഡിസംബറിലാണ് ഒ.ടി.ടി റിലീസ് തീരുമാനിക്കുന്നത്. മരക്കാര്‍ മാര്‍ച്ചില്‍ വെച്ചിരിക്കുകയാണ്. അതൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. അതിന്റെ തിയതി മാറ്റാന്‍ പറ്റില്ല. അതിനു മുന്‍പേ ചെയ്ത നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. ഇതൊക്കെ എന്ന് തിയേറ്ററില്‍ റിലീസ് ചെയ്യാനാണ്. ഇനി റിലീസ് ചെയ്താല്‍ തന്നെ മൂന്നോ നാലോ ദിവസം തന്നെ ആളുകളുണ്ടാവും. ഫാമിലികളൊക്കെ മടിച്ചുനില്‍ക്കുകയാണ്. എല്ലാവര്ക്കും പേടിയുണ്ട്.
പിന്നെ തിയേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസത്തിനുള്ളില്‍ ആരെങ്കിലും ഇത് ഓണ്‍ലൈനില്‍ ഇടും. പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ പിന്നെ സിനിമ തീര്‍ന്നു. അപ്പോള്‍ പിന്നെ നല്ല രീതിയില്‍ ഓണ്‍ലൈനില്‍ ഇറക്കിക്കൂടേ എന്ന ആലോചന വരികയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രൊഡ്യൂസറിനെ പിന്തുണക്കുക എന്നുള്ളതാണ്. എനിക്ക് എല്ലാ സ്വാതന്ത്ര്യത്തോടെയും പടം ചെയ്യാന്‍ പിന്തുണ തന്ന അദ്ദേഹത്തിന്റെ കൂടെ നില്ക്കുക എന്നുള്ളതേയുള്ളു.
തിയേറ്ററില്‍ ഇറക്കണമെന്നും ആളുകളുടെ ആരവത്തില്‍ പടം കാണണമെന്നുമൊക്കെ എനിക്കും ആന്റണിക്കും ആഗ്രഹമുണ്ട്. അങ്ങനെ ഇറക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട്. പക്ഷെ സാഹചര്യം അതല്ലല്ലോ. അത് മനസ്സിലാക്കണമല്ലോ’ ജീത്തു ജോസഫ് പറഞ്ഞു.
ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക പേജിലും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും രാത്രി 12 മണിക്ക് പുതുവര്‍ഷ സമ്മാനമായാണ് ദൃശ്യം 2 ടീസര്‍ എത്തിയത്. ജോര്‍ജുകുട്ടിയും കുടുംബവും ഉടന്‍ ആമസോണ്‍ പ്രൈമിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറില്‍ പറയുന്നു.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന് പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക