വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കെ പ്രമുഖ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനെതിരെ റിപബ്ലിക്കന്‍ അനുഭാവികള്‍ പ്രതിഷേധം നടത്തിയത് വാര്‍ത്തയായിരുന്നു. അരിസോണയിലെ ചാനലിന്റെ ഓഫീസിനു മുന്നില്‍ 100 കണക്കിന് പേരാണ് പ്രതിഷേധം നടത്തിയത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഫോക്‌സ് ന്യൂസിനോട് അനിഷ്ടം പ്രകടിപ്പിച്ചു.
പൊതുവെ ട്രംപിന് അനുകൂലമായി നിലനില്‍ക്കുന്ന വലതുപക്ഷ ചായ്‌വുള്ള ഫോക്‌സ് ന്യൂസിനെതിരെ ഇത്തരത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനു കാരണം നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ അരിസോണയിലെ വിജയ പ്രഖ്യാപനം ചാനല്‍ നടത്തിയതാണ്. പത്ത് ലക്ഷത്തിലേറെ വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുള്ളപ്പോഴാണ് ഫോക്‌സ് ന്യൂസ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അരിസോണയില്‍ വിജയിച്ചെന്ന് പ്രഖ്യാപിച്ചത്. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണ റിപബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പരമ്പരാഗതമായി റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന അരിസോണയില്‍ നിലവില്‍ ബൈഡനാണ് ലീഡ് ചെയ്യുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ 73 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഫോക്‌സ് ന്യൂസ് ബൈഡന്‍ അരിസോണയില്‍ വിജയിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ബൈഡന്‍ ഈ സമയത്ത് വോട്ടിംഗില്‍ 6.5 ശതമാനം വോട്ടിന് ലീഡ് ചെയ്യുന്നുണ്ടായിരുന്നു.
അതേസമയം പിന്നീട് ലീഡ് നിലയില്‍ ചെറിയ മാറ്റം വരികയും ചെയ്തു. വ്യാഴാഴ്ച രാവിലെയോടെ തന്നെ ബൈഡന്റെ ലീഡ് നില 2.4 ശതമാനം കുറയുകയും ചെയ്തു.
ഫോക്‌സ് ന്യൂസുമായി അടുത്ത സൗഹൃദമായിരുന്നു ട്രംപിന്. ചാനലിന്റെ മോണിംഗ് ഷോകളില്‍ ട്രംപ് സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ പിന്നീട് ഫോക്‌സ് ന്യൂസുമായി ട്രംപ് ഇടഞ്ഞിട്ടുണ്ട്.