കോഴിക്കോട്: ആര്‍.എസ്.എസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കേരള പൊലീസും കര്‍ണാടക പൊലീസും താന്‍ ജോലി ചെയ്യുന്നിടത്തുവന്ന് ചോദ്യം ചെയ്തെന്നുള്ള ചന്ദ്രമോഹന്‍ കൈതാരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി. ബല്‍റാം.
ഈ പറയുന്നത് പോലെ കേരള പൊലീസും കര്‍ണാടകക്കാര്‍ക്കൊപ്പം ഈ മലയാളിക്കെതിരായ വേട്ടയാടലില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ ഒരു കാര്യമാണെന്നും കേരളത്തിന്റെ ആഭ്യന്തര മന്ത്രി അതാരായിരുന്നാലും മറുപടി പറയേണ്ടുന്ന വിഷയമാണിതെന്നും വി.ടി ബല്‍റാം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും ആര്‍.എസ്.എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമര്‍ശനത്തിന് അതീതരല്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.
ബെംഗളൂരുവില്‍ താന്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ കേരള- കര്‍ണാടക പൊലീസെത്തി ആര്‍.എസ്.എസിനെതിരെയുള്ള പോസ്റ്റുകള്‍ ഇട്ടോയെന്ന് ചോദിച്ചെന്നും തന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അവര്‍ കൊണ്ടുപോയെന്നും ചന്ദ്രമോഹന്‍ കൈതാരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
തന്റെ ഫേസ്ബുക്ക അക്കൗണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്നും ചന്ദ്രമോഹന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി.ടി. ബല്‍റാം രംഗത്തെത്തിയത്.
പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. സ്പെഷ്യല്‍ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനും ചിലര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.