ടെല്‍ അവീവ്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പരാജയം സമ്മതിച്ച് അധിനിവേശ ഗസയില്‍ നിന്ന് ഇസ്രഈലി ഭരണകൂടം പിന്‍വലിച്ച ഗോലാനി ബ്രിഗേഡ് ആരാണ്. ഇസ്രഈലിലെ തന്നെ ഏറ്റവും വലിയ പ്രത്യേക സൈനിക ഗ്രൂപ്പായ ഗോലാനി ബ്രിഗേഡ് 1948ല്‍ ആണ് രൂപീകരിക്കപ്പെടുന്നത്.
1948ലെ അറബ് – ഇസ്രഈല്‍ യുദ്ധത്തില്‍ ഗലീലിയിലെ ലെവനോനി ബ്രിഗേഡ് 1ഉം ഗോലാനി ബ്രിഗേഡ് 2ഉം കാര്‍മേലി ബ്രിഗേഡുമായി വേര്‍പെട്ട സാഹചര്യത്തിലാണ് ഗോലാനി ബ്രിഗേഡ് ജനിക്കുന്നത്. സ്വന്തമായി നാല് ടാങ്ക് ബറ്റാലിയന്‍, രണ്ട് കാലാള്‍പ്പട ബറ്റാലിയന്‍, ഒരു പാരഗ്രൂപ്പ് ബറ്റാലിയന്‍, ഒ?രു പീരങ്കി ബറ്റാലിയന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗോലാനി ബ്രിഗേഡ് ഇസ്രഈല്‍ ഭരണകൂടം ഗസയില്‍ വിന്യസിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ സൈനിക ഗ്രൂപ്പ് കൂടിയാണ്.
ഗോലാനി ആസ്ഥാനമായി ഇസ്രഈലില്‍ പ്രവര്‍ത്തിക്കുന്ന ബ്രിഗേഡ് ജോര്‍ദാന്‍, ലെബനന്‍, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നു. ഇസ്രഈല്‍ നിയന്ത്രണത്തിലുള്ള ഫെദായീന്‍ താവളങ്ങള്‍ക്കെതിരായ റെയ്ഡുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. ഈ റെയ്ഡുകളുടെ ലക്ഷ്യങ്ങള്‍ ഇസ്രഈലികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനായി ഫെദായീന്‍ താവളങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു.
അറബ് – ഇസ്രഈല്‍ യുദ്ധത്തിനുശേഷം, 1950കളുടെ ആദ്യകാലത്ത് ഗോലാനി ബ്രിഗേഡ് നിരവധി പ്രതികാര റെയ്ഡുകളില്‍ പങ്കെടുത്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഗോലാനി ഒരു റിസര്‍വ് ബറ്റാലിയനെ ശക്തിപ്പെടുത്തുകയും സിറിയയില്‍ അഞ്ച് ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ബ്രിഗേഡിലെ 40 പേര്‍ കൊല്ലപ്പെടുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1956ലെ സൂയസ് പ്രതിസന്ധിയില്‍, റഫ നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു ബ്രിഗേഡിന്റെ മറ്റൊരു ചുമതല. ആ സംഘര്‍ഷത്തില്‍ ബറ്റാലിയന്‍ ലക്ഷ്യം വെച്ച ഈജിപ്തിലെ പ്രദേശങ്ങളും റഫയുടെ തെക്കന്‍ ഭാഗത്തുള്ളതും ഹാന്‍ യൂനിസ് റോഡിലെ ഏതാനും സ്ഥലങ്ങളും ബ്രിഗേഡ് പിടിച്ചെടുക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രഈല്‍ വന്‍ സൈന്യത്തിന് തിരിച്ചടിയുണ്ടായി. പ്രത്യേക സൈനിക ഗ്രൂപ്പായ ഗോലാനി ബ്രിഗേഡിനെ 60 ദിവസങ്ങള്‍ക്ക് ശേഷം ഗസയില്‍ നിന്ന് ഇസ്രഈല്‍ പിന്‍വലിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് അനുഗ്രഹം നല്‍കി യുദ്ധനടപടികള്‍ക്കായി ഗസയിലേക്ക് അയച്ച സൈനിക ഗ്രൂപ്പ് കൂടിയാണ് ഗോലാനി ബ്രിഗേഡ്.
സൈനികരുടെ പുനഃസംഘാടനത്തിനും വിശ്രമത്തിനുമായി താത്കാലിക സമയത്തേക്ക് സൈന്യത്തെ അധിനിവേശ ഗസയില്‍ നിന്ന് തിരിച്ചുവിളിക്കുന്നുവെന്നണ് ഇസ്രഈല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ശുജാഇയ്യ അടക്കമുള്ള പ്രദേശങ്ങളില്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് ഇസ്രഈല്‍ സൈന്യം നേരിട്ട പരാജയവും സൈന്യത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിനാലുമാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറഞ്ഞു.