Advertisement
Entertainment
തീയേറ്ററില്‍ പരാജയപ്പെട്ട സിനിമ, എന്നെ സംബന്ധിച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 06:10 am
Monday, 7th April 2025, 11:40 am

മണിരത്‌നം ഇന്ത്യന്‍ സിനിമക്ക് പരിചയപ്പെടുത്തിയ നടന്മാരിലൊരാളാണ് മാധവന്‍. അലൈപായുതേ എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചോക്ലേറ്റ് ഹീറോ ഇമേജ് സ്വന്തമാക്കിയ മാഡി, റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മാധവന്‍ സംവിധാനരംഗത്തും കയ്യൊപ്പ് പതിപ്പിച്ചു.

2003 ല്‍ സുന്ദര്‍. സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് അന്‍പേ ശിവം. ചിത്രത്തില്‍ കമല്‍ ഹാസന്‍, ആര്‍. മാധവന്‍, കിരണ്‍ റത്തോഡ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഇപ്പോള്‍ കമള്‍ഹാസനെ കുറിച്ചും, അന്‍പേ ശിവം സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

തന്നെ സംബന്ധിച്ചിടത്തോളം അന്‍പേ ശിവം താന്‍ തെരഞ്ഞടുക്കാന്‍ ഒറ്റ കാരണമേ ഉള്ളൂ എന്നും കമല്‍ഹാസന്റെ കൂടെ തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും മാധവന്‍ പറയുന്നു. കമല്‍ ഹാസന്‍ എന്ന നടന്‍ എത്രത്തോളം ഒരു സിനിമക്ക് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് തനിക്ക് അന്‍പേ ശിവത്തിലൂടെ ഏറെ അടുത്ത് നിന്ന് കാണാന്‍ സാധിച്ചുവെന്നും മാധവന്‍ കൂട്ടിചേര്‍ത്തു. നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.

‘എന്നെ സംബന്ധിച്ചിടത്തോളം ഒറ്റ അജണ്ടയുടെ പുറത്ത് താന്‍ തെരഞ്ഞടുത്ത സിനിമയാണ് അന്‍പേ ശിവം. എനിക്ക് കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയും. ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ബ്ലോക് ബസ്റ്റര്‍ ഹിറ്റാണ്. സിനിമയുടെ സെറ്റില്‍ വെച്ച് എങ്ങനെയാണ് കമല്‍ സാറ് അഭിനയിക്കുന്നത്, ഒരു സെറ്റില്‍ അദ്ദേഹം എന്തൊക്കെ കാര്യങ്ങളാണ് പ്രിപ്പേയര്‍ ചെയ്യുന്നത്, മേക്കപ്പ് ഇടുന്നതിനായി അദ്ദേഹം എത്രത്തോളം ഹാര്‍ഡ് വര്‍ക്ക് ചെയ്യാറുണ്ട്, അതുപോലെ ഒരുപാട് സമയം ചിലവെടുത്ത് ആ ലുക്ക് വരാനായിട്ട് അദ്ദേഹം എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ കാണാന്‍ കഴിഞ്ഞു.

ഒരു അഭിനേതാവിന് ഒരു സബ്ജക്റ്റ് ഇഷ്ടപ്പെട്ടാല്‍, അല്ലെങ്കില്‍ തന്റെ ഇന്‍ഡസ്ട്രിയോട് സ്‌നേഹമുണ്ടെങ്കില്‍ എത്രത്തോളം കഷ്ടപ്പെടുമെന്ന് എനിക്ക് വളരെ ക്ലോസായി കാണാന്‍ കഴിഞ്ഞു കമല്‍ സാറിലൂടെ,’മാധവര്‍ പറഞ്ഞു.

Content Highlight: Madhavan talks about Kamal Hasan and Anbe sivam movie