ഇത്രയും ഗുണനിലവാരമുള്ള ലഹരി മരുന്ന് എവിടെ നിന്നാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്; രാഹുല്‍ ഗാന്ധിയോട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
national news
ഇത്രയും ഗുണനിലവാരമുള്ള ലഹരി മരുന്ന് എവിടെ നിന്നാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്; രാഹുല്‍ ഗാന്ധിയോട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 2:47 pm

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് നരോത്തം മിശ്രയുടെ പ്രതികരണം.

’10 ദിവസം കൊണ്ട് കടം എഴുതിത്തള്ളല്‍, 15 ദിവസം കൊണ്ട് ചൈനയെ പുറത്താക്കല്‍… ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകനെ ഞാന്‍ ആദരിക്കുകയാണ്. ഇത്രയും നല്ല ഗുണനിലവാരമുള്ള ലഹരി അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്’, നരോത്തം മിശ്ര പറഞ്ഞു.


അഞ്ചു മാസമായി ഇന്ത്യന്‍ മണ്ണിലുള്ള ചൈനീസ് സാന്നിധ്യത്തെ പറ്റി മോദി നിശബ്ദനാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഹരിയാനയില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്ത് ചൈനയെ നിര്‍ത്തിയേനെയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

‘ നമ്മുടെ ഭൂമി ആരും എടുത്തിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ ഇന്ന് സ്വന്തം ഭൂമി മറ്റൊരു രാജ്യം ഏറ്റെടുത്ത ഒരു രാജ്യമേ ലോകത്തുള്ളൂ. പ്രധാനമന്ത്രി എന്നിട്ട് സ്വയം ദേശഭക്തന്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ അധികാരത്തിലായിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലേക്ക് 15 മിനുട്ടിനുള്ളില്‍ ചൈനയെ പുറത്താക്കുമായിരുന്നു,’ രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.

നേരത്തെ പഞ്ചാബില്‍ നടന്ന റാലിയിലും രാഹുല്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ പ്രധാനമന്ത്രി കാര്യമാക്കുന്നില്ലെന്നും സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് നേരത്തേയും രാഹുല്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MP minister Narottam Mishra’s jibe at Rahul Gandhi