national news
'പുതിയ ഇന്ത്യ'യില്‍ മുസ്‌ലിങ്ങള്‍ എവിടെ? മാധ്യമങ്ങള്‍ എവിടെ?- കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 09, 03:12 am
Thursday, 9th February 2023, 8:42 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘നവ ഇന്ത്യ’യില്‍ മുസ്‌ലിങ്ങളും മാധ്യമങ്ങളും എവിടെയെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.

മോദി ഇന്ത്യയില്‍ മുസ്‌ലിങ്ങളുടെയും മാധ്യമങ്ങളുടെയും സ്ഥാനം എവിടെയാണെന്ന് ചൗധരി ചോദിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനം മുസ്‌ലിങ്ങളാണ്. എന്നാല്‍ ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഒറ്റ മുസ്‌ലിം എം.പി പോലുമില്ല. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക വേളയാണെങ്കിലും മാധ്യമങ്ങളെ പാര്‍ലമെന്റില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ഇത്തരത്തില്‍ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

അദാനി, അംബാനി തുടങ്ങിയ വ്യവസായികളുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനില്ല. വ്യവസായങ്ങള്‍ ഉണ്ടാകണമെന്നും രാജ്യം വളരണമെന്നുമുള്ള സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. അതേസമയം, വ്യവസായികളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാട്ടുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അത് രാജ്യത്തെ മുഴുവന്‍ ചര്‍ച്ചയിലാക്കിയ വിഷയവുമാണ്. പപ്പുവായി കണ്ട രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബി.ജെ.പിക്ക് കൂട്ടമായി ഇറങ്ങേണ്ട സാഹചര്യം വന്നു. ഒരു വ്യവസായിയെ സംരക്ഷിക്കാന്‍ ഭരണകക്ഷി കൂട്ടത്തോടെ ഇറങ്ങുന്ന കാഴ്ച ആദ്യമായാണ് ഇന്ത്യയില്‍ കാണുന്നത്. അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജാതി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നിരന്തരം ന്യൂനപക്ഷങ്ങളോടൊപ്പമാണെന്ന ബി.ജെ.പിയുടെ വാദത്തെയും ചൗധരി ചോദ്യം ചെയ്തു. രാഷ്ട്രപതിയുടെ ജാതിയും മതവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി തരംതാണ രീതിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആദിവാസി ജനതക്ക് രാഷ്ട്രപതി സ്ഥാനം സംഭാവന ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം. പ്രധാനമന്ത്രിയെ ഒ.ബി.സി ദാദാ എന്ന് കോണ്‍ഗ്രസ് ഒരിക്കലും വിളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 35 വയസിന് മുകളിലുള്ള ആര്‍ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ബി.ജെ.പി അംഗങ്ങള്‍ രാഷ്ട്രപതിയുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന് ശേഷം സഭയുടെ അന്തരീക്ഷം മാറിയെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച രാഹുല്‍ ഗാന്ധിയും ബി.ജെ.പിയും തമ്മിലുളള പോരാട്ടമായി മാറി. ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

1962ലെ യുദ്ധം കഴിഞ്ഞപ്പോള്‍ വാജ്‌പേയിയുടെ അഭ്യര്‍ത്ഥന പ്രകാരം ചര്‍ച്ചക്ക് തയ്യാറാകുകയാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെയ്തത്. അന്ന് നെഹ്‌റു ചര്‍ച്ചക്ക് അനുമതി നല്‍കിയപ്പോള്‍ 165 എം.പിമാര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. അതോടൊപ്പം നെഹ്്‌റു തന്റെ പോരായ്മകള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരം ചര്‍ച്ചക്ക് നമ്മെ അനുവദിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചൗധരിയുടെ പ്രസംഗത്തിനിടിയില്‍ ബി.ജെ.പി അംഗമായ നിഷികാന്ത് ദുബെ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം നീക്കം ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷാ, നെഹ്‌റുവിന്റെ കാലത്തുള്ള പോരായ്മകള്‍ ഇന്ന് ഇല്ലെന്നും അതുകൊണ്ടാണ് ചര്‍ച്ച വെക്കാത്തത് എന്ന് വാദിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാതെ മുന്‍കാല സര്‍ക്കാരുകളെ മാത്രം കുറ്റപ്പെടുത്തിയ മോദിയുടെ രീതിയെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

content highlight: Where are the Muslims in the ‘New India’? Where is the media?- Congress

v