'വാട്‌സ്ആപ്പ് സ്റ്റാറ്റസ്, ഡാറ്റ എന്‍ട്രി, കാശ് കടം ചോദിക്കുന്ന ഡി.ഐ.ജി'; സോഷ്യല്‍ മീഡിയയില്‍ നിറയുന്ന തട്ടിപ്പ് സംഘം
Social Media
'വാട്‌സ്ആപ്പ് സ്റ്റാറ്റസ്, ഡാറ്റ എന്‍ട്രി, കാശ് കടം ചോദിക്കുന്ന ഡി.ഐ.ജി'; സോഷ്യല്‍ മീഡിയയില്‍ നിറയുന്ന തട്ടിപ്പ് സംഘം
അശ്വിന്‍ രാജ്
Tuesday, 13th October 2020, 6:09 pm

‘നിങ്ങളുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ 30 പേരില്‍ അധികം ആളുകള്‍ കാണാറുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും ദിവസം അഞ്ഞൂറ് രൂപയിലധികം സമ്പാദിക്കാം’ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഒരു ഫോര്‍വേര്‍ഡ് സന്ദേശമായിരുന്നു ഇത്.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍, ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപ വരെ ലഭിക്കുമെന്നും വാട്‌സ് ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമായിരുന്നു ഈ സന്ദേശത്തിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചെന്നെത്തുന്ന വെബ്‌സെറ്റില്‍ ഉണ്ടായിരുന്നത്.

ഈ സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും ഇതുവഴി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനാണ് സാധ്യതയെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമാനരീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. പ്രായഭേദമന്യേ നിരവധി പേരാണ് ഇത്തരം തട്ടിപ്പുക്കള്‍ക്ക് ഇരയാകുന്നത്.

ഓണ്‍ലൈന്‍ ജോലി, പ്രശസ്തരായ വ്യക്തികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി കാശ് വാങ്ങല്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങി നിരവധി രൂപത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.

വല വീശിപ്പിടിക്കുന്ന ഡാറ്റ എന്‍ട്രി

കോഴിക്കോട് സ്വദേശിനിയായ അനുഷക്ക് ലോക്ക്ഡൗണിന് തൊട്ടുമുന്‍പാണ് ജോലി നഷ്ടമായത്. ലോക്ക്ഡൗണ്‍ നീണ്ടതോടെ പുതിയ ജോലി കണ്ടെത്തുന്നതിനും ബുദ്ധിമുട്ടിലായി. ഇതിനിടെയാണ് ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് അനുഷയ്ക്ക് നേരിട്ട് ഒരു കോള്‍ വരുന്നത്. വീട്ടിലിരുന്ന് ചെയ്താല്‍ മതി. കമ്പനി നല്‍കുന്ന വിവരങ്ങള്‍ ടൈപ്പ് ചെയ്ത് കൃത്യസമയത്ത്  തിരികെ അയക്കുക.  ചെയ്യുന്ന വര്‍ക്കിന് അനുസരിച്ച് പ്രതിഫലം. ഇതായിരുന്നു ഓഫര്‍.

വീട്ടില്‍ ഇരുന്ന് തന്നെ കൊവിഡ് കാലത്ത് ചെയ്യാന്‍ കഴിയുന്ന ജോലിയായത് കൊണ്ട് തന്നെ താന്‍ ഓഫര്‍ സ്വീകരിക്കുകയും 200 പേജുള്ള വര്‍ക്ക് കൃത്യമായി ചെയ്ത് നല്‍കുകയും ചെയ്തെന്ന് അനുഷ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞപ്പോള്‍ സാലറിയുമായി ബന്ധപ്പെട്ട് ഒരു മെസേജ് ലിങ്ക് ആയി എത്തുകയും അത് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കോഡ് ചോദിക്കുകയും ഈ കോഡിനായി എജന്റിനെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് എജന്റിന് മെസേജുകള്‍ അയച്ചെങ്കിലും മറുപടിയൊന്നും തന്നെ ലഭിച്ചില്ല. തൊട്ടടുത്ത ദിവസം കോഡ് പ്രോസസിംഗിനായി 661 രൂപ അടയ്ക്കാനും ഈ തുക തിരികെ ലഭിക്കുന്നതാണെന്നും ഷിജു എന്ന് പരിചയപ്പെടുത്തിയ എജന്റ് വിളിച്ച് അറിയിക്കുകയും ചെയ്തു – അനുഷ പറയുന്നു.

തുടര്‍ന്ന് താന്‍ കാശ് അടയ്ക്കില്ലെന്ന് പറഞ്ഞെങ്കിലും എജന്റ് വീണ്ടും വിളിക്കുകയും സംസാരിക്കുകയും ചെയ്തു. എകദേശം അറുപതിനായിരം രൂപയുടെ അടുത്ത് പ്രതിഫലം എന്നാണ് ഷിജു പറഞ്ഞത്. പോര്‍ച്ചുഗീസ് കമ്പനിയാണ് ജോലി എല്‍പ്പിച്ചതെന്നും അതുകൊണ്ട് തന്നെ കാശ് അക്കൗണ്ടില്‍ ക്രഡിറ്റ് ആവുന്നതിനുള്ള പ്രൊസസിംഗ് ചാര്‍ജാണ് ഇതെന്നുമായിരുന്നു ഷിജു പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ദ്ദേശ പ്രകാരം തുക ഗൂഗിള്‍ പേ ചെയ്തു.

ഇതിന് പിന്നാലെ ഒരു കോഡ് മെസേജ് ആയി വരികയും ചെയ്തു. എന്നാല്‍ ഇതുപയോഗിച്ചും ലിങ്കിലുള്ള സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞല്ല. വീണ്ടും എജന്റിനെ വിളിച്ചെങ്കിലും 1100 രൂപ വീണ്ടും അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ പൊലീസ് കേസ് നല്‍കാന്‍ പോകുകയാണെന്ന് സൂചിപ്പിച്ചതോടെ നിങ്ങളുടെ കാശ് ഞങ്ങള്‍ക്ക് വേണ്ടെന്നും നിങ്ങളുടെ തുക നിങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും ഷിജു എന്ന എജന്റ് പറഞ്ഞു. ഒരു ആഴ്ച കാത്തിരിക്കാനും ഇയാള്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഇയാളെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തത് മറ്റൊരു വ്യക്തിയായിരുന്നു. ഇയാള്‍ സാലറി ലഭിക്കുന്നതിന് 8321 രൂപ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സൈബര്‍ സെല്ലിനും പൊലീസിലും പരാതി നല്‍കിയെന്നും അനുഷ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ നിരവധി പേരാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി തട്ടിപ്പിന് ഇരയാകുന്നതെന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പറയുന്നത്. പ്രൊസസിങ് ചാര്‍ജ് ഇനത്തിലും ഡാറ്റ എന്‍ട്രി ചെയ്തതില്‍ വീഴ്ച വരുത്തിയതിന് നഷ്ടപരിഹാരമായും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന തുകകള്‍ കൈമാറുന്നവരാണ് ഈ രീതിയില്‍ വഞ്ചിക്കപ്പെടുന്നത്.

 

ഡാറ്റ എന്‍ട്രി ജോലിക്കായി മുന്‍കൂര്‍ പണം വാങ്ങി ആളുകളെ കബളിപ്പിക്കുന്ന രീതിയുമുണ്ട്. ചില വ്യാജ കമ്പനികള്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവരെ കബളിപ്പിക്കുന്നതിനായി അസാധാരണമായ നിബന്ധനകള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ കരാറുണ്ടാക്കും. ഒരു ഡോക്യുമെന്റ് കൃത്യതയോടെ ടൈപ്പ് ചെയ്ത് നിശ്ചിത തിയ്യതിക്കകം സമര്‍പ്പിക്കുവാന്‍ ഇവര്‍ ആവശ്യപ്പെടും. ഫയല്‍ കൃത്യമായി അയച്ചാല്‍ പെര്‍ഫോമെന്‍സ് മോശമാണെന്നും ഇംപ്രൂവ് ചെയ്താല്‍ ശമ്പളകാര്യം പരിഗണിക്കാമെന്നും മറ്റും മറുപടി നല്‍കും.

കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വര്‍ക്ക് ചെയ്യാന്‍ തരുന്നതെന്നും വര്‍ക്ക് ചെയ്യാതിരിക്കുകയോ പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്താല്‍ കരാര്‍ ലംഘനമാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടും. തുടര്‍ന്ന് ഫോണിലൂടെയും ഇമെയിലിലൂടെയും വക്കീല്‍ നോട്ടിസ് അയച്ച് ഭീഷണിപ്പെടുത്തും. ഇത്തരം തട്ടിപ്പില്‍പെട്ടു പോകുന്ന ചിലരെങ്കിലും നഷ്ടപരിഹാര തുക കമ്പനിക്ക് അയച്ചുകൊടുക്കാറുമുണ്ട്.

എന്നാല്‍ ഓണ്‍ലൈനിലൂടെയുള്ള ഇത്തരം കരാറുകള്‍ക്ക് യാതൊരുവിധ നിയമസാധുതയും ഇല്ലെന്ന് മനസിലാക്കണമെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ വ്യക്തിപരമായ വിവരങ്ങള്‍ അയയ്ക്കുന്നതിനു മുന്‍പ് കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും പൊലീസ് പറയുന്നു.

യഥാര്‍ഥ ബി.പി.ഒ കമ്പനികളോ വെബ്‌സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരു തരത്തിലുമുള്ള ഫീസും ഡെപ്പോസിറ്റും മുന്‍കൂറായി ആവശ്യപ്പെടാറില്ല. ഇതറിയാതെ കംപ്യൂട്ടറിലൂടെ വരുമാനം നേടാന്‍ ശ്രമിക്കുന്നവരെയാണ് വ്യാജ സ്ഥാപനങ്ങള്‍ തട്ടിപ്പിന് ഇരയാക്കുന്നതെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡി.ജി.പി ഋഷിരാജ് സിംഗ്, ഐ.ജിമാരായ ജി. ലക്ഷ്മണന്‍, പി. വിജയന്‍ തുടങ്ങി നിരവധി പേരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഫണ്ട് റിക്വസ്റ്റ് അയച്ച ശേഷം ചിലരോട് പതിനായിരം രൂപ വരെ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്. കാസര്‍കോഡ്, പത്തനംതിട്ട, ഇടുക്കി ജില്ലാ പൊലീസ് മേധാവികള്‍ക്കും വ്യാജ ഫേസ്ബുക്ക്  അക്കൗണ്ട് മൂലം ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.

രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പൊലീസിലെ ഹൈടെക്ക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ  വിലയിരുത്തല്‍. വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്. ഇതിന് മറുപടി കിട്ടാന്‍ വൈകുന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അക്കൗണ്ട് ഹാക്ക് ചെയ്യുന്ന ചൂണ്ട 

ലിങ്കുകള്‍ ഉപയോഗിച്ചും മറ്റും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിനെ ഫിഷിംഗ്  (Phishing) എന്നാണ് പൊതുവെ വിളിക്കുക. ആമസോണ്‍, ഫ്ളിപ്പ് കാര്‍ട് തുടങ്ങിയ ഇ കൊമേഴ്സ് സെറ്റുകളുടെ വ്യാജ സൈറ്റുകള്‍ ഉണ്ടാക്കിയും സമാനമായ രീതിയില്‍ തട്ടിപ്പുകള്‍ നടക്കാറുണ്ട്.

നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ കോലം, ഭാവി എന്ന് തുടങ്ങി ചില ടൈംപാസ് കളികളായും, സോഷ്യല്‍ മീഡിയയിലെ ഒഫീഷ്യല്‍ മെസേജുകളുടെ രൂപത്തിലും ലക്കി ഡ്രോകളായുമെല്ലാം ചില ലിങ്കുകള്‍ എത്തുകയും ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയ്യാം.

കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളില്‍ നിന്നായി പണം തട്ടിയെടുക്കാം എന്നതാണ് ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതിനുള്ള കാരണമെന്നാണ്   ഓപ്പണ്‍ സോഴ്സ്  സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ് കമ്പനിയായ റെഡ് ഹാറ്റിലെ കണ്‍സല്‍ട്ടന്റ് ആയ നോയല്‍ തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

എന്താണ് പ്രതിവിധി ?

സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്ന ഏതൊരു സന്ദേശവും നന്നായി ക്രോസ് ചെക്ക് ചെയ്യുക എന്നതാണ് എറ്റവും വലിയ പരിഹാരമാര്‍ഗമെന്നാണ് നോയല്‍ പറയുന്നത്. ജോബ് ഓഫറുകളും മറ്റുമാണെങ്കില്‍ സൈറ്റുകളുടെ അഡ്രസ്, ഗൂഗിള്‍ റിവ്യു എന്നിവ പരിശോധിക്കണം. അസ്വാഭാവികമായ രീതിയില്‍ പോസ്റ്റീവ് റിവ്യുകള്‍ കണ്ടാലും ഇത്തരം ലിങ്കുകളുടെ ആധികാരികത സംശയിക്കേണ്ടതാണ്. മറ്റൊന്ന് ഈ വെബ് സൈറ്റ് തുടങ്ങിയിട്ട് എത്രനാളായി എന്ന് പരിശോധിക്കുകയും വേണം.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഡബിള്‍ ഓതന്റിക്കേഷന്‍ പാസ്വേര്‍ഡ് ഉപയോഗിക്കുക, അക്ഷരങ്ങളും അക്കങ്ങളും സ്പെഷ്യല്‍ ക്യാരക്ടറും ഉള്ള പാസ്വേര്‍ഡ് ഉപയോഗിക്കുക. എന്തെങ്കിലും തട്ടിപ്പ് സംശയിക്കപ്പെട്ടാല്‍ ഉടനെ സൈബര്‍ പൊലീസുമായും സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഹെല്‍പ് വിഭാഗവുമായും ബന്ധപ്പെടുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘WhatsApp status, data entry, cash credit’; The scam team that fills up on social media

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.