Kerala News
കാന്തപുരം പറഞ്ഞത് മതവിഷയം, സി.പി.ഐ.എം ഇടപെടേണ്ട: ഹുസൈന്‍ മടവൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 07:35 am
Friday, 24th January 2025, 1:05 pm

മലപ്പുറം: പൊതുയിടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് വ്യായാമം ചെയ്യരുതെന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തെ പിന്തുണച്ച് നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍.

കാന്തപുരം സംസാരിച്ചത് മതവിഷയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സി.പി.ഐ.എം ചെയ്യുന്നത് ഇസ്‌ലാം വിരുദ്ധതയാണെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് ഹുസൈന്‍ മടവൂരിന്റെ പ്രതികരണം.

കാന്തപുരം പറഞ്ഞത് ശരിയാണ്. സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിനും വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തികൊണ്ട് വരുന്നതിനെല്ലാം ഇസ്‌ലാമില്‍ നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഇസ്‌ലാമികമായ എന്തിനെയും വിമര്‍ശിക്കുന്ന ഒരു രീതി ഇന്ന് നിലവിലുണ്ട്. അത് കാന്തപുരത്തെ മാത്രമല്ല. യുക്തിവാദികളും മതവിരുദ്ധരായവരും ഫാസിസ്റ്റ് ചിന്താഗതിയുള്ളവരുമെല്ലാം ഇസ്‌ലാമികമായ കാര്യങ്ങളെ വിമര്‍ശിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞു. ഈ നിലയ്ക്കാണ് കാന്തപുരത്തിനെതിരായ വിമര്‍ശനത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവമില്ല എന്നതാണല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാനമെന്നും ഹുസൈന്‍ മടവൂര്‍ ചോദിച്ചു. അന്യരായ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് വ്യായാമം നടത്തുന്നതില്‍ എന്തെങ്കിലും നന്മയുണ്ടെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

അവിഹിത ബന്ധങ്ങളുണ്ടാകുന്നത് ഇത്തരത്തിലുള്ള അവസരങ്ങള്‍ നല്‍കിയിട്ടാണെന്നും അവ നിയന്ത്രിക്കാനാണ് ഇസ്‌ലാം ചില നിയന്ത്രണങ്ങള്‍ വെച്ചരിക്കുന്നതെന്നും ഹുസൈന്‍ പറഞ്ഞു. ലിംഗസമത്വമല്ല ലിംഗനീതിയാണ് വേണ്ടതെന്നും ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചു.

ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നുമാണ് കാന്തപുരം പറഞ്ഞത്.

അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്നും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം നേരത്തെ പറഞ്ഞിരുന്നു. മെക് സേവന പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശം.

എന്നാല്‍ സ്ത്രീകള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കാന്തപുരത്തിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു.

ഇത്തരത്തില്‍ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

Content Highlight: What Kanthapuram said was a religious issue, CPI(M) should not interfere: Hussain Madavoor