കോഴിയെ മോഷ്ടിച്ചെന്ന കുറ്റം ചാര്‍ത്തി പശ്ചിമബംഗാളില്‍ നിന്നുള്ള മാണിക് റോയിയെ കൊല്ലം പനയഞ്ചേരിയില്‍ വച്ച് റോഡില്‍ തടഞ്ഞുനിര്‍ത്തി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. തന്നെ മര്‍ദ്ദിച്ച മൂന്നു പേര്‍ക്കതിരെ മാണിക് ചികിത്സയില്‍ കഴിയുമ്പോള്‍ നല്‍കിയ മൊഴിയും രണ്ടു പേരെ പ്രതിചേര്‍ത്തു കൊണ്ടുള്ള പൊലീസ് ഭാഷ്യവും തമ്മിലുള്ള വൈരുദ്ധ്യം ചര്‍ച്ചയാവുമ്പോഴും മാണിക്കടക്കമുള്ള ഇതരസംസ്ഥാനക്കാരോട് മലയാളി വച്ചു പുലര്‍ത്തുന്ന അന്യതാ ബോധത്തിനു മാത്രം മാറ്റമുണ്ടാവുന്നില്ല എന്ന തിരിച്ചറിവാണുണ്ടാകുന്നത്.
മാണിക്കിന്റെ കൊലപാതകത്തില്‍ പൊലീസുദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണം തൃപ്തികരമല്ലെന്ന് ഇതിനോടകം തന്നെ പരാതികളുയര്‍ന്നിട്ടുണ്ട്. അന്വേഷണത്തിലെ ഉള്ളുകള്ളികള്‍ പുറത്തെത്തിക്കുക എന്ന ഉദ്ദേശത്തോടെ അഞ്ചല്‍ സി.ഐയില്‍ നിന്നും കേസ് പുനലൂര്‍ ഡി.വൈ.എസ്.പിക്ക് കൈമാറുകയും ചെയ്തിരുന്നു. മാണിക്കിന്റെ മൊഴിയില്‍ നിന്നും പൊലീസ് റിപ്പോര്‍ട്ടിലെത്തുന്നതിനിടയില്‍ രേഖകളില്‍ നിന്നും മാഞ്ഞുപോയ മൂന്നാമനെക്കുറിച്ച് കണ്ടെത്തണമെന്നാണ് മാണിക്കിന്റെ ബന്ധുക്കളുടെയും ആവശ്യം.
സംസ്ഥാനം അലങ്കാരമാക്കിക്കൊണ്ടു നടക്കുന്ന സാക്ഷരതയും പ്രബുദ്ധതയും നശിക്കുന്നെന്ന നിലവിളികള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നുണ്ട്. കേരളത്തില്‍ വച്ച് ആള്‍ക്കൂട്ടവിധിക്ക് ഇരകളായി കൊല്ലപ്പെട്ടവരില്‍ ഏറ്റവുമൊടുവിലത്തെ പേരുമാത്രമാണ് മാണിക് റോയിയുടേത്. മാണിക്കിന്റെ കേസിലെ അന്വേഷണത്തിനെതിരെ പരാതികളുയരുന്ന സാഹചര്യത്തില്‍, സമാനമായ മറ്റു കേസുകളുടെ ഇപ്പോഴത്തെ അവസ്ഥയും പുനര്‍വിചിന്തനത്തിനെടുക്കേണ്ടതുണ്ട്.
2016 മെയിലാണ് ആസാം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റ കോട്ടയം ചിങ്ങവനത്തുവച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുന്നത്. കൂട്ടം തെറ്റി ഭക്ഷണമന്വേഷിച്ച് വീടുകള്‍ കയറിയിറങ്ങിയ കൈലാഷിനെ മോഷ്ടാവെന്നു സംശയിച്ച് ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് കെട്ടിയിടുകയായിരുന്നു. മെയ്മാസത്തിലെ കൊടും ചൂടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് കൈലാഷിനെ കൊലപ്പെടുത്തിയത്. ശരീരത്തിലേറ്റ 58 മുറിവുകളും തലയ്‌ക്കേറ്റ അടിയില്‍ നിന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍, മരിക്കുന്നതിനു തൊട്ടു മുന്‍പത്തെ മുപ്പത്തിയാറു മണിക്കൂറില്‍ കൈലാഷ് ഭക്ഷണം കഴിച്ചിരുന്നില്ല എന്ന വസ്തുതയാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രധാനമായി ചൂണ്ടിക്കാട്ടപ്പെട്ടത്. 10 ശതമാനത്തോളം മാത്രം ഭക്ഷണം വയറ്റിലുണ്ടായിരുന്ന കൈലാഷ് വിശപ്പകറ്റാനുള്ള വഴികള്‍ തേടി പരിചയമില്ലാത്ത സ്ഥലത്ത് അലയുന്നതിനിടെയാണ് ദാരുണമായി കൊല്ലപ്പെടുന്നത്.
വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കു വഴിവച്ച കൈലാഷിന്റെ കൊലപാതകം പക്ഷേ, വര്‍ഷങ്ങള്‍ കഴിയുന്നതിനൊപ്പം പൊതുജനസ്മരണയില്‍ നിന്നു തന്നെ മാഞ്ഞു പോകുകയാണ് ചെയ്തത്. കൊലപാതകത്തെ അപലപിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളെഴുതുകയും കൈലാഷിനു നീതി ലഭിക്കുന്നതുവരെ വിശ്രമിക്കുകയില്ലെന്നു പ്രഖ്യാപിച്ച് ഉന്നത തലങ്ങളിലേക്ക് കത്തുകളെഴുതുകയും ചെയ്തവരില്‍ പലര്‍ക്കും ഇന്ന് അത്തരമൊരു സംഭവത്തെക്കുറിച്ചു പോലും നേരിയ ഓര്‍മ മാത്രമേയുള്ളൂ.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വാദം നടക്കുന്നുണ്ടെന്നുമുള്ള സ്ഥിരം പല്ലവി മാത്രമാണ് പറയാനുള്ളത്. “കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ വിവരാവകാശ കമ്മീഷന്‍ മുഖേന അന്വേഷിക്കൂ” എന്നായിരുന്നു വിഷയത്തില്‍ ചിങ്ങവനം പൊലീസിന്റെ പ്രതികരണം.
പ്രദേശവാസികളായ പ്രസന്നന്‍, വര്‍ഗ്ഗീസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു എന്നാണ് മുന്‍പു പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. വേറെയും നാലുപേര്‍ അന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. അന്യായമായി തടസ്സമുണ്ടാക്കുക, കെട്ടിയിടുക, കൊലപാതകം, മര്‍ദ്ദനം, സംഘം ചേര്‍ന്ന് ആക്രമണം എന്നീ കുറ്റങ്ങളായിരുന്നു കൈലാഷിന്റെ കൊലപാതകികള്‍ക്കുമേല്‍ ചുമത്തപ്പെട്ടത്.
ആദ്യ ദിവസങ്ങളില്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങളും ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരും അറസ്റ്റുകള്‍ നടന്നു എന്നതില്‍ക്കവിഞ്ഞ് മറ്റു പുരോഗതികള്‍ കേസിലുണ്ടായോ എന്ന് അന്വേഷിക്കാന്‍ മെനക്കെട്ടുമില്ല.
ആള്‍ക്കൂട്ടത്തിന്റെ അതിക്രമങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ഇതരസംസ്ഥാനക്കാരുടെ കണക്കെടുക്കുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടാനാവാത്ത പേരാണ് സത്‌നാം സിംഗിന്റേതും. കൈലാഷിന്റെ മരണത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു സത്‌നാമിന്റെ വിഷയത്തിലെങ്കിലും, കൊലപാതകത്തിന്റെ ഉദ്ദേശലക്ഷ്യത്തില്‍ വരെ വളരെ വലിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന ഈ രണ്ടു വ്യക്തികളുടെയും മരണശേഷം നീതിന്യായവകുപ്പ് സ്വീകരിച്ച നയങ്ങളില്‍ ചെറുതല്ലാത്ത സമാനതകളുണ്ട്.
2012 ആഗസ്തിലാണ് ബീഹാര്‍ സ്വദേശിയായ സത്‌നാം ഊളമ്പാറ ആശുപത്രിയില്‍ വച്ച് കൊല്ലപ്പെടുന്നത്. മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ സത്‌നാം മൂന്നു ദിവസങ്ങള്‍ക്കു ശേഷം മാനസികരോഗ കേന്ദ്രത്തില്‍ വച്ച് തലയ്ക്ക് പിറകിലേറ്റ അടി കാരണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്‌നാമിന്റെ മാനസികനിലയില്‍ തകരാറുകളുണ്ടെന്നു കാണിച്ച് സഹോദരനടക്കമുള്ള ബന്ധുക്കള്‍ ജാമ്യാപേക്ഷ മുന്നോട്ടുവച്ചിരുന്നങ്കിലും ഇളവു ലഭിച്ചിരുന്നില്ല. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മഠാധിപതികളുടെ സ്വാധീനമുപയോഗിച്ച് തന്ത്രപരമായി നടന്ന കൊലപാതകം തന്നെയായിരുന്നു സത്‌നാമിന്റേതെന്ന് പിതാവടക്കം എല്ലാവരും ആരോപിക്കുന്നു.
സത്‌നാം സിംഗിന്റെ കൊലപാതകക്കേസ് ആറു വര്‍ഷങ്ങള്‍ക്കു ശേഷവും തീര്‍പ്പാക്കാന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കേസിലെ വാദം കേട്ടുകൊണ്ടിരുന്നത്. എന്നാല്‍, പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സത്‌നാമിന്റെ പിതാവ് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഈ വാദം സ്റ്റേ ചെയ്തിരുന്നെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇസാബിന്‍ പറയുന്നു.”ഹൈക്കോടതിയിലെ കേസ് ഇതുവരെ നൂറിലധികം തവണയാണ് മാറ്റിവയ്ക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വിപ്ലവകാരികളായ ഒട്ടുമിക്ക ജഡ്ജിമാരും ഈ കേസ് കവര്‍ ചെയ്തു പോയിട്ടുണ്ട്. മാറ്റിവയ്ക്കുകയല്ലാതെ ആരും അതില്‍ തീര്‍പ്പുണ്ടാക്കിയിട്ടില്ല.” ഇസാബിന്‍ പറയുന്നു.
ഇത്ര കാലമായിട്ടും യാതൊരു വിധിയും പറയാതെ കേസ് നടക്കുകയാണെന്നു തന്നെയാണ് സത്‌നാമിന്റെ പിതാവ് ഹരീന്ദര്‍ സിംഗും പറയുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ആക്ഷന്‍ കമ്മറ്റികളടക്കം രൂപീകരിച്ചിട്ടുണ്ടെങ്കിലും കോടതി നടപടികളില്‍ കുടുങ്ങി അനിശ്ചിതമായി വൈകുകയാണ് കേസ്. കേസില്‍ വാദം കേള്‍ക്കാന്‍ ഓരോ തവണയും ഹരീന്ദര്‍ ബീഹാറില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നു.
കൈലാഷിന്റെയും സത്‌നാമിന്റെയും കൊലപാതകങ്ങള്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതാണ്. എങ്കില്‍പ്പോലും കേരളത്തില്‍ ഇതിനു മുന്‍പ് വലിയ ചര്‍ച്ചയായ രണ്ട് ഇതരസംസ്ഥാനക്കാരുടെ കൊലപാതകങ്ങള്‍ എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍, എങ്ങുമെങ്ങും എത്താതെ പോകുന്ന അന്വേഷണമെന്ന അവസ്ഥ ഭീതിദമായ സമാനതയായി അവശേഷിക്കുകയാണ്. ആള്‍ക്കൂട്ട വിധിയെഴുത്തിന്റെ ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തെ പേരായി മാണിക്കിന്റേത് ചേര്‍ക്കപ്പെടാതിരിക്കാനെങ്കിലും ഈ സമാനത തിരിച്ചറിയപ്പെടേണ്ടതുണ്ട്.