Advertisement
Entertainment
ഈ സിനിമയില്‍ രണ്ട് നായികമാര്‍ ഉണ്ടായിരുന്നിട്ടും അവര്‍ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞില്ല, എന്നാല്‍ ആ നടന്‍ എന്നെ എപ്പോള്‍ കണ്ടാലും ഐ ലവ് യൂ എന്ന് പറയും: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 03:43 pm
Friday, 18th April 2025, 9:13 pm

ഇന്ത്യന്‍ സിനിമയുടെ അഭിമാനങ്ങളായ കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 38 വര്‍ഷത്തിന് ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു.

മലയാളി താരം ജോജു ജോര്‍ജും തഗ് ലൈഫില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശക്തമായ വേഷമാണ് ജോജുവിന് ചിത്രത്തിലെന്നാണ് സൂചനകള്‍. ജോജുവിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. തഗ് ലൈഫില്‍ രണ്ട് നായികമാര്‍ ഉണ്ടായിരുന്നിട്ടും ഷൂട്ടിനിടയില്‍ ഒരുവട്ടം പോലും അവര്‍ തന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിരുന്നില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

എന്നാല്‍ തന്നെ എപ്പോള്‍ കണ്ടാലും ഐ ലവ് യൂ എന്ന് പറഞ്ഞ ഒരേയൊരാള്‍ ജോജു ജോര്‍ജ് ആയിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ജോജു അങ്ങനെ ചെയ്തിരുന്നതെന്നും ഗുഡ് മോര്‍ണിങ്ങെന്ന് പോലും ജോജു തന്നോട് പറഞ്ഞിരുന്നില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.

സിലമ്പരസനെക്കുറിച്ചും കമല്‍ ഹാസന്‍ സംസാരിച്ചു. സിലമ്പരസന്റെ അച്ഛനുമായി തനിക്ക് നല്ല സൗഹൃദമാണെന്നും തനിക്ക് പ്രയാസമുള്ള സമയങ്ങളില്‍ തന്റെയടുത്ത് വന്ന് കെട്ടിപ്പിടിച്ച് കരയുന്നയാളാണ് ചിമ്പുവിന്റെ അച്ഛനെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അതിനെക്കാള്‍ വലിയ സ്‌നേഹമാണ് സിലമ്പരസന് തന്നോടുള്ളതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘ഈ സിനിമയില്‍ രണ്ട് നടിമാരുണ്ട്. എന്നാല്‍ ഷൂട്ടിനിടയിലോ സിനിമയിലോ ഒരിക്കല്‍ പോലും അവര്‍ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടേയില്ല. എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞ ഒരേയൊരാള്‍ ജോജു ജോര്‍ജാണ്. എന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ രാത്രിയായാലും പകലായാലും ‘ഐ ലവ് യൂ സാര്‍’ എന്നേ ജോജു ആദ്യം പറയുള്ളൂ. ഗുഡ് മോര്‍ണിങ് പോലും അദ്ദേഹം പറയില്ല.

അതുപോലെ സിലമ്പരസന്‍, അയാളുടെ അച്ഛനുമായിട്ടാണ് എനിക്ക് കൂടുതല്‍ ബന്ധം. എനിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ എന്റെയടുത്തേക്ക് വരും. ഞാന്‍ വിഷമത്തിലാണെന്ന് അറിഞ്ഞാല്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് കരയും. എന്നാല്‍ ചിമ്പുവിന് അതിനെക്കാള്‍ വലിയ സ്‌നേഹം എന്നോടുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about Joju George in Thug Life movie