ന്യൂദല്‍ഹി: ദല്‍ഹിയില്‍ സീലംപൂരില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ദല്‍ഹി പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്.
ഇന്നലെ (വ്യാഴം) രാത്രിയാണ് സംഭവം നടന്നത്. 17 വയസുകാരനായ കുനാലാണ് കുത്തേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുനാല്‍ ആക്രമിക്കപ്പെട്ടത്. ജഗ് പ്രവേശന് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. ഗാന്ധിനഗറിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു കുനാല്‍.
മുന്‍വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്രയും ഇയാളുടെ സഹോദരന്‍ സാഹിലും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു.
അടുത്തിടെ തങ്ങളുടെ സമുദായത്തിലെ ചിലര്‍ സിക്രയുടെ സഹോദരന്‍ സാഹിലിനെ ആക്രമിച്ചിരുന്നതായും അതിന്റെ പ്രതികാരമാണ് ഇപ്പോള്‍ നടന്നതെന്നും കുടുംബം പറയുന്നു. നിലവില്‍ ആരോപണ വിധേയരായ സിക്രയും സാഹിലും ഒളിവിലാണ്.
സംഭവത്തില്‍ ഇവരാണ് പ്രതികളെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഏതാനും ആളുകളെ ചോദ്യം ചെയ്തതായും പൊലീസ് പറയുന്നു.
നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പിസ്റ്റള്‍ കൈവശം വെച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ആയുധ നിയമപ്രകാരം സിക്ര അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെ ജാമ്യത്തിലിറങ്ങിയ സിക്ര കുനാലിന്റെ വീടിന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
യുവാവിന്റെ കൊലപാതകം ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ എ.എ.പിയും തമ്മിലുള്ള വാക്‌പോരിനും കാരണമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും എം.എല്‍.എയുമായ അതിഷി രംഗത്തെത്തി. യുവാവിന്റെ കുടുംബത്തിന് ഉടന്‍ നീതി ലഭിക്കണമെന്ന് അതിഷി ആവശ്യപ്പെട്ടു.
മേഖലയില്‍ പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പ്രതികരിച്ചു.
Content Highlight: Youth stabbed to death in Delhi; widespread protests over failure to arrest accused