ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഉണ്ടായ സ്ഫോടനം ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്ഫോടന ദൃശ്യം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ലെബനന്‍ ചര്‍ച്ചകളിലേക്ക് വന്നിരിക്കുകയാണ്.
ഇപ്പോഴത്തെ സ്ഫോടനത്തിന് രാഷ്ട്രീയ ബന്ധമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലെബനന്‍ ഇന്ന് നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ ആക്കം കൂട്ടുന്നതാണ് ബെയ്റൂട്ട് തുറമുഖ നഗരത്തിലുണ്ടായ സ്ഫോടനം.
സ്ഫോടനം ബെയ്റൂട്ടിലെ ജനങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുമ്പോള്‍ അത് കൂട്ടിക്കൊണ്ടു പോവുക മത-സമുദായ, വംശ സമവാക്യങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ഭരണ സംവിധാനത്തില്‍ നിസ്സഹായരായി പോവുന്ന ഒരു ജനതയുടെ പ്രതിസന്ധികളിലേക്കാണ്.
ലെബനനില്‍ നടക്കുന്നത്
2019 ഒക്ടോബര്‍ പകുതിയോടെയാണ് ലെബനനില്‍ പ്രക്ഷോഭകര്‍ കൂട്ടമായി തെരുവിലിറങ്ങിത്തുടങ്ങിയത്. വാട്സ്ആപ്പ്, പെട്രോള്‍, പുകയില എന്നിവയ്ക്ക് മേല്‍ പ്രഖ്യാപിച്ച പുതിയ നികുതിയാണ് പ്രക്ഷോഭകരെ രോഷം കൊള്ളിച്ചത്. പ്രതിഷേധം കനത്തതോടെ സര്‍ക്കാരിന് മണിക്കൂറുകള്‍ക്കുള്ളില്‍ നികുതി നീക്കം പിന്‍വലിക്കേണ്ടി വന്നു.
എന്നാല്‍ അവിടം കൊണ്ടും പ്രക്ഷോഭകര്‍ അടങ്ങിയില്ല. അന്നത്തെ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ തെരുവില്‍ അണി നിരന്നു. തുടര്‍ന്ന് പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിക്ക് രാജിവെക്കേണ്ടി വന്നു. പകരം മാറ്റങ്ങളുടെ വാഗ്ദാനവുമായി ഹസ്സന്‍ ദയിബ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഇതു കൊണ്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല.
ലെബനന്‍ ജനതയുടെ പ്രതിഷേധത്തിനു പിന്നില്‍
രാജ്യത്ത് ഭക്ഷ്യവിഭവങ്ങളുടെ വില 80 ശതമാനത്തിനു മുകളില്‍, പലയിടത്തും വൈദ്യതി ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല, ശോചനീയമായ ആശുപത്രികളും സ്‌കൂളുകളും . ഇന്റര്‍നെറ്റ് ലഭ്യതയുടെ കാര്യവും മോശം. ഇതാണ് ലെബനന്റെ സാമൂഹിക അവസ്ഥ
ലോകബാങ്കിന്റെ കണക്കു പ്രകാരം ലെബനനിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ദാരിദ്ര്യ നിരക്കിന് താഴെയാണ്. യുവാക്കളില്‍ 35 ശതമാനം പേര്‍ തൊഴിലില്ലാതെ കഴിയുകയാണ്. രാജ്യത്തെ ആകെ തൊഴിലില്ലായ്മ 25 ശതമാനമാണ്. യു.എസ് ഡോളറിനെതിരായ ലെബനന്‍ പൗണ്ടിന്റെ മൂല്യം രണ്ടു പതിറ്റാണ്ടിനിടെ ഇടിയാന്‍ തുടങ്ങിയതോടെയാണ് പ്രശന്ങ്ങള്‍ രൂക്ഷമായത്.
92 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ കടം. രാജ്യത്തിന്റെ ജി.ഡി.പിയുടെ 170 ശതമാനം വരുമിത്. ലോകത്തിലെ ഏറ്റവും വലിയ കടബാധ്യതകളിലൊന്നാണ് ലെബനനു മേലുള്ളത്.
രാജ്യത്തിന്റെ 50 ശതമാനം വരുമാനവും കടബാധ്യത തീര്‍ക്കാന്‍ വേണ്ടി വിനിയോഗിക്കുകയാണ്. ഇതിനു പുറമെ അധികാര തലത്തില്‍ നടക്കുന്ന അഴിമതിയും രൂക്ഷമാണ്. പൊതുമേഖലകള്‍ തകര്‍ച്ചയുടെ വക്കിലും.
15 വര്‍ഷം നീണ്ടു നിന്ന 1975-89 ലെ ആഭ്യന്തര യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്നും ലെബനന്‍ ഇനിയും കര കയറിയിട്ടില്ല എന്നതാണ് ഈ പ്രശ്‌നങ്ങളുടെ പിന്നിലെ മൂലകാരണം. യുദ്ധ ശേഷമുള്ള കടമാണ് രാജ്യം ഇപ്പോള്‍ അടച്ചു തീര്‍ത്തു കൊണ്ടിരിക്കുന്നത്.
ലെബനന്റെ സാമ്പത്തിക, പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും അത്ര എളുപ്പത്തില്‍ പരിഹാരിക്കാന്‍ സാധിക്കില്ല. കാരണം ഈ പ്രശ്നങ്ങളുടെ വേരോട്ടം നോക്കിയാല്‍ ആ വേരുകള്‍ അതിര്‍ത്തി കടന്നെത്തുന്നത് സങ്കീര്‍ണതകളുടെ തട്ടകത്തിലേക്കാണ്.
68.5 ലക്ഷമാണ് ലെബനന്റെ ജനസംഖ്യ. സിറിയ, ഇസ്രഈല്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 18 മത സമുദായങ്ങളെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ് ലെബനന്‍. 12 ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, നാലു മുസ്ലിം വിഭാഗങ്ങള്‍, ഡ്രൂസ് വിഭാഗം, ജൂത മതം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രധാന മതവിഭാഗങ്ങളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന തരത്തിലാണ് ലെബനന്റെ അധികാര വികേന്ദ്രീകരണം.
ലെബനന്‍ പ്രസിഡന്റ് ഒരു മരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗക്കാരനായിരിക്കണം എന്നാണ് ചട്ടം. പാര്‍ലമെന്റ് സ്പീക്കര്‍ ഷിയ മുസ്ലിം വിഭാഗത്തില്‍ നിന്നുമായിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്ലിമും ആയിരിക്കണം.
15 വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ കൊണ്ടു വന്ന ദേശീയ ഉടമ്പടി പ്രകാരമാണ് ഇങ്ങനെയൊരു നയം.
1989 ല്‍ തൈഫ് എഗ്രിമെന്റ് എന്ന പേരില്‍ സൗദി അറേബ്യയില്‍ വെച്ചാണ് ഈ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം സുന്നി മുസ്ലിം, ഷിയ മുസ്ലിം, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് തുല്യമായി അധികാരം ലഭിക്കും. ഈ ഘടനയിലാണ് ഇതുവരെയും ലെബനന്‍ രാഷ്ട്രീയം നീങ്ങിയത്.
ഇപ്പോഴത്തെ ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ മൈക്കല്‍ ഓണ്‍ മാരൊനൈറ്റ് ക്രിസ്ത്യാനിയാണ്. പ്രധാനമന്ത്രി ഹസ്സന്‍ ദായിബ് സുന്നി വിഭാഗക്കാരനും പാര്‍ലമെന്റ് സ്പീക്കര്‍ നഹിഹ് ബൈറി ഷിയ മുസ്ലിമും ആണ്.
കഥ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല.
നേരത്തെ രാജി വെച്ച പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ പിതാവ് റഫീക് ഹരിരിയുടെ മരണം ഇതിനിടയില്‍ മറ്റൊരു വിവാദം തിരികൊളുത്തി.
ലെബനന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം എം.പിയായിരിക്കെ 2005 ല്‍ കൊല്ലപ്പെടുകയായിരുന്നു. സുന്നി വിഭാഗത്തിലെ പ്രധാന രാഷ്ട്രീയ മുഖമായിരുന്ന ഇദ്ദേഹം ലെബനനിലേക്കുള്ള സിറിയന്‍ ഇടപടലിനെ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇദ്ദേഹം മരിച്ചതിനു പിന്നാലെ രണ്ടു വിഭാഗങ്ങളായി ലെബനന്‍ രാഷ്ട്രീയം വഴിമാറി.
റഫീക് ഹരീരി
റഫീക്കിന്റെ മരണത്തിനു പിന്നാലെ സുന്നി വിഭാഗം മാര്‍ച്ച് 14 എന്ന പേരില്‍ ഒരു സഖ്യമായി. പിന്നാലെ ഷിയ വിഭാഗക്കാരുടെ ഹിസ്ബൊള്ളയിലും സിറിയയിലും വിശ്വസിക്കുന്നവര്‍ മാര്‍ച്ച് 8 എന്ന പേരില്‍ സഖ്യമായി.
മാര്‍ച്ച് 14 സഖ്യത്തിന് സൗദി അറേബ്യയുടെയും യു.എസിന്റെയും പിന്തുണയുണ്ട്. മാര്‍ച്ച് 8 സഖ്യത്തിന് സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയും. ഫലത്തില്‍ ഈ രാജ്യങ്ങളുടെ ചരടു വലികള്‍ക്കായി ലെബനന്‍ രാഷ്ട്രീയം വേദിയൊരുക്കുന്നു.
മുൻ പ്രധാനമന്ത്രി സാദ് അൽ ഹരീരിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും
ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രസിഡന്റ് മൈക്കല്‍ ഔണും ഹിസ്ബൊള്ളയും മാര്‍ച്ച് 8 സഖ്യത്തില്‍ ഒന്നിച്ച് നില്‍ക്കുന്നു.
മാര്‍ച്ച് 14 സഖ്യത്തിലുള്‍പ്പെടുന്ന മുന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി സൗദി അറേബ്യയുടെ ഉറ്റ സുഹൃത്തായി.
ഇതിനിടയില്‍ ഇസ്രഈലിന്റെ സാന്നിധ്യവും പ്രകടമാണ്. ഇറാന്റെ പിന്തുണയോടെ ഹിസ്ബൊള്ള അതിര്‍ത്തിയില്‍ ഇസ്രഈലുമായി ഏറ്റു മുട്ടല്‍ വര്‍ഷങ്ങളായി തുടരുന്നുണ്ട്്. മറ്റൊരു വശം നോക്കുമ്പോള്‍ ഇറാന്‍ ഒരു പൊതു ശത്രുവായി നിലനില്‍ക്കെ സൗദിക്കും ഇസ്രഈലിനും തമ്മില്‍ അടുക്കാനുള്ള ഒരവസരവും ഈ സാഹചര്യം തുറന്നിടുണ്ട്.
ലെബനീസ് പ്രസിഡന്റ് മൈക്കൽ ഔണും ഇറാൻ വിദേശ കാര്യമന്ത്രി ജാവേദ് സരീഫും
ഈ വടം വലികളുമായി വര്‍ഷങ്ങള്‍ കടന്നു പോയി. അഴിമതി രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. പൊതു മേഖലകള്‍ വ്യാപകമായി സ്വകാര്യ വല്‍ക്കരിക്കപ്പെട്ടു. ഇതിനിടയില്‍ മറു ഭാഗത്ത് ലെബനന്‍ യുവത്വം സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിത്തുടങ്ങി. മത-സാമുദായിക സമവാക്യങ്ങളില്‍ അധിഷ്ഠിതമായ ഭരണത്തെ ലെബനന്‍ യുവത്വം തള്ളി. രാജ്യത്തിന്റെ വികസനത്തിനായി ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ ഒരു സര്‍ക്കാര്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സുന്നി-ഷിയ-ക്രിസ്ത്യന്‍ വ്യത്യാസമില്ലാതെ യുവത്വം തെരുവുകുകളില്‍ അലയടിച്ചു.
സാദ് അല്‍ ഹരീരിക്ക് ശേഷം വന്ന പ്രധാനമന്ത്രി ഹസ്സന്‍ ദയിബിന്റെ സര്‍ക്കാര്‍ ലെബനന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ട പോലെ രാഷട്രീയത്തിനപ്പുറം ഒരു ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സര്‍ക്കാരെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ പഴയ രാഷ്ട്രീയത്തിന്റെ ഡമ്മികളാണിവര്‍ എന്നും ആരോപണമുയര്‍ന്നു.
പ്രക്ഷോഭം അവസാനിച്ചില്ല. അതിന്റെ ശബ്ദം തെരുവുകളില്‍ അലയടിച്ചു കൊണ്ടിരുന്നു. ഹിസ്‌ബൊള്ളയുടെ മുന്നറിയിപ്പു പോലും പ്രക്ഷോഭകര്‍ വക വെച്ചില്ല.
ഹിസ്ബൊള്ള
യഥാര്‍ത്ഥത്തില്‍ ലെബനനില്‍ മാത്രമായിരുന്നില്ല സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അലയടിച്ചു കൊണ്ടിരുന്നത്. ഇറാഖില്‍ 2019 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ അഴിമതി, തൊഴിലില്ലായ്മ, എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭം. ഈ പ്രക്ഷോഭത്തിന്റെയും അടിസ്ഥാന കാരണം നോക്കുമ്പോള്‍ രാജ്യത്തെ മത സമവാക്യങ്ങള്‍ക്കനുസരിച്ചുള്ള ഭരണത്തില്‍ വന്ന പരാജയമാണ്.
പ്രക്ഷോഭം നടക്കുന്നതിനിടയില്‍ ലോകത്തെ പിടിച്ചു കുലുക്കുന്ന കൊവിഡ് മഹാമാരി ലെബനനിലുമെത്തി.
5000 കൊവിഡ് കേസുകളാണ് ലെബനനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാപന നിരക്ക് കുറവാണെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് വ്യാപനം തടയാനായി ആഴ്ചകള്‍ നീളുന്ന ലോക്ഡൗണ്‍ നടപ്പാക്കുക ലെബനന്‍ ജനതയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. ആരോഗ്യ മേഖല ശോചനീയവുമാണ്. ഇതിനിടയിലാണ് ബോംബ് സ്ഫോടനം നടന്നിരിക്കുന്നത്.
ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. സ്ഫോടനം നടന്ന ശേഷമാണ് നഗരത്തില്‍ ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി മിക്ക ലെബനന്‍ ജനതയും അറിയുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഈ സ്ഫോടക വസ്തു നഗരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കൂടിയ അളവിലുള്ള ഈ സ്ഫോടക വസ്തുവിന്റെ അപകട സാധ്യതയെ പറ്റി അധികൃതര്‍ക്ക് നേരത്തെ അറിയാമായിരുന്നു.
Video of the explosion#إنفجار_بيروت pic.twitter.com/dxeY23OmrJ
— Mohammad Hijazi (@mhijazi) August 4, 2020
സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖം രാജ്യത്തെ പ്രധാന ഇറക്കുമതി കേന്ദ്രമാണ്. ഭക്ഷ്യ വസ്തുക്കളുടെ 65-85 ശതമാനം ഭക്ഷ്യ വിഭവവും ഇറക്കുമതി ചെയ്യപ്പെടുന്നത് ഈ തുറമുഖത്താണ്. സ്ഫോടനം നടക്കുന്ന സമയത്ത് സംഭരണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ഭക്ഷ്യ ധാന്യപ്പൊടിയുടെ ചരക്കുകള്‍ നശിച്ചിട്ടുണ്ട്.
സ്ഫോടനത്തിനു ശേഷമുള്ള ഭക്ഷ്യ പ്രതിസന്ധി ഒഴിവാക്കാന്‍ കുറഞ്ഞത് മൂന്ന് മാസത്തേങ്കിലുമുള്ള കരുതല്‍ ശേഖരം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.