ലോകകപ്പിന് ശേഷവും കഷ്ടകാലം മാറുന്നില്ല; വിന്‍ഡീസിനോടും തോറ്റ് ഇംഗ്ലണ്ട്
Cricket
ലോകകപ്പിന് ശേഷവും കഷ്ടകാലം മാറുന്നില്ല; വിന്‍ഡീസിനോടും തോറ്റ് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th December 2023, 8:06 am

ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷവും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം തുടരുന്നു. ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റുകള്‍ക്കാണ് ഇംഗ്ലീഷ് പടയെ തകര്‍ത്തു വിട്ടത്.

സര്‍ വിവിയന്‍ റീച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 325 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ഹാരി ബ്രൂക്ക് 72 പന്തില്‍ 71 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഏഴ് ഫോറുകളുടെയും രണ്ട് പടുകൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ബ്രുക്കിന് പുറമെ സാക്ക് ക്രാവ്‌ലി 48 റണ്‍സും ഫിലിപ്പ് സാള്‍ട്ട് 45 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് നിരയില്‍ ഗൂഡകേഷ് മോട്ടി, ഒഷാനെ തോമസ്, റൊമാരിയോ ഷെപ്പേഡ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.5 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി ഷായ് ഹോപ്പ് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.

83 പന്തില്‍ പുറത്താവാതെ 109 റണ്‍സ് നേടികൊണ്ടായിരുന്നു ഹോപ്പിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. നാല് ഫോറുകളുടെയും ഏഴ് കൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഹോപ്പിന്റെ അവിസ്മരണീയ ഇന്നിങ്‌സ്.

ഹോപ്പിന് പുറമെ അലിക്ക് അത്‌നാസെ 66 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് 48 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഡിസംബര്‍ ആറിനാണ് രണ്ടാം ഏകദിനം നടക്കുക. സര്‍ വിവിയന്‍ റീച്ചാര്‍ഡ്‌സ് സ്റ്റേഡിയമാണ് വേദി.

Content Highlight: West Indies beat England in first Odi.