Sports News
ചെന്നൈയുടെ വജ്രായുധം; വെറും 24 റണ്‍സ് നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ താരമാകാം!
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Friday, 28th March 2025, 5:15 pm

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ ഇരു ടീമുകളും തങ്ങളുടെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

അതേസമയം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെഏഴ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്.

എല്‍ ക്ലാസിക്കോയില്‍ ജയം സ്വന്തമാക്കിയാണ് സൂപ്പര്‍ കിങ്സ് ബെംഗളുരുവിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിനാണ് സി.എസ്.കെ പരാജയപ്പെടുത്തിയത്.

രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരുവിറങ്ങുമ്പോള്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ നയിക്കുന്നത്. ഇരുവരും ബിഗ് ക്ലാഷിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പ്രകടനത്തേയും ചെന്നൈയുടെ ‘തല’ ധോണിയുടെ പ്രകടനത്തേയുമാണ്. സീസണില്‍ വമ്പന്‍മാര്‍ ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുന്ന മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

എന്നാല്‍ ഇതിനെല്ലാം പുറമെ വെറും 24 റണ്‍സ് നേടിയാല്‍ ചെന്നൈയുടെ എക്കാലത്തേയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഐ.പി.എല്ലില്‍ 3000 റണ്‍സും 100 വിക്കറ്റും പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ജഡേജയ്ക്ക് നേടാന്‍ സാധിക്കുക.

ഐ.പി.എല്ലില്‍ 185 ഇന്നിങ്‌സില്‍ നിന്ന് 2976 റണ്‍സാണ് ജഡേജ നിലവില്‍ സ്വന്തമാക്കിയത്. 27.3 ആവറേജിലാണ് താരം റണ്‍സ് നേടിയത്. 129.45 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 65 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് ഓള്‍ റൗണ്ടര്‍ നേടിയത്.

212 ഇന്നിങ്‌സില്‍ നിന്ന് 160 വിക്കറ്റാണ് ജഡ്ഡു നേടിയത്. 30.53 ആവറേജും താരത്തിനുണ്ട്. ടീമിന് വേണ്ടി 5/16 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ചെന്നൈക്ക് വേണ്ടി 2012 മുതല്‍ 2015വരെ 187 മത്സരങ്ങളാണ് ജഡ്ഡു മത്സരിച്ചത്. ടീമിന് വേണ്ടി 2070 റണ്‍സും താരം നേടിയിട്ടുണ്ട്.

Content Highlight: 2025 IPL: Ravindra Jadeja Need 24 Runs To Achieve Great Record In IPL