ന്യൂദല്‍ഹി: റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ മ്യാന്‍മാറിലേയും ബാങ്കോക്കിലേയും ഭൂമികുലുക്കത്തില്‍ സഹായഹസ്തവുമായി ഇന്ത്യയും. മ്യാന്‍മാറിനും തായ്‌ലാന്‍ഡിനും എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
‘മ്യാന്‍മാറിലും തായ്‌ലാന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തില്‍, അധികൃതരോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്‍മാര്‍, തായ്‌ലാന്‍ഡ് സര്‍ക്കാരുകളുമായി ബന്ധം നിലനിര്‍ത്താന്‍ വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മ്യാന്‍മാര്‍ ഭരിക്കുന്ന സൈനിക ഭരണകൂടം അടിയന്തരമായി അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50ഓട് കൂടിയാണ് മധ്യ മ്യാന്‍മാറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. അയല്‍രാജ്യമായ തായ്‌ലാന്‍ഡിലെ ബാങ്കോക്കിലും ശക്തമായ ഭൂചലനം ഉണ്ടായി.
ബാങ്കോക്കിലെ ചാറ്റുചക് പരിസരത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഏകദേശം 43 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മ്യാന്‍മാറിലെ സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
മ്യാന്‍മാറിലെ നയ്പിറ്റോ, മണ്ഡലേ എന്നിവയുള്‍പ്പെടെ ആറ് മേഖലകളിലും സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലും ചൈനയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊല്‍ക്കത്തയിലും ഇംഫാലിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു, കൊല്‍ക്കത്തയിലെ താമസക്കാര്‍ ചുമരുകളിലെ തൂണുകള്‍ക്ക് ചലനം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം നഗരത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായിട്ടില്ല. മണിപ്പൂരിലെ ഇംഫാലിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Content Highlight: Earthquake in Myanmar and Bangkok; India extends helping hand