തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ സെന്‍സറിങിനെതിരെ ബി.ജെ.പി രംഗത്ത്. സെന്‍സറിങ് ബോര്‍ഡിലെ ആര്‍.എസ്.എസ് നോമികള്‍ക്കെതിരെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.
തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേരാണ് ബോര്‍ഡിന്റെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉള്ളത്. നിലവില്‍ ഇവര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സൂചന നല്‍കി.
ബി.ജെ.പി കോര്‍ കമ്മിറ്റിയിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സിനിമയില്‍ ഗുജറാത്ത് കലാപം അടക്കമുള്ള കാര്യങ്ങള്‍ എങ്ങനെ ഉള്‍പ്പെട്ടു തുടങ്ങിയ ചോദ്യങ്ങളാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
അതേസമയം സിനിമക്കെതിരെ പ്രചരണം നടത്തേണ്ട എന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റുടെ നിലപാടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എമ്പുരാനുള്ള പിന്തുണ സൗഹൃദം മാത്രമാണെന്നും ഉള്ളടക്കത്തെ പിന്തുണക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോഹൻലാൽ നല്ലൊരു സുഹൃത്താണെന്നും രാജീവ് കൂട്ടിച്ചേർത്തു.
ഇതിനിടെ ബി.ജെ.പിയുടെ നോമിനികള്‍ സെന്‍സര്‍ ബോര്‍ഡിലില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. സിനിമക്കെതിരായ പ്രചരണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം തുടരുന്ന സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ബി.ജെ.പി രംഗത്തെത്തുന്നത്.
സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനെ ഹിന്ദു വിരുദ്ധനായും ജിഹാദിയായും സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മോഹന്‍ലാലിനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
ക്ഷണം ലഭിച്ചിട്ടും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്ന മോഹന്‍ലാലില്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കാമെന്നും സുഡാപ്പികളെ പേടിച്ചാണ് മോഹന്‍ലാല്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നുമാണ് വിമർശനം.
ഇതിനുപുറമെ എമ്പുരാന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ഈ പോസ്റ്റിനെയും രാജീവിനെയും ചോദ്യം ചെയ്ത് നിരവധി സംഘപരിവാര്‍ അനുകൂലികളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
Content Highlight: BJP opposes Empuraan censorship