Entertainment
എമ്പുരാനൊപ്പം റിലീസ്; മാറ്റിയാൽ കൊള്ളാമെന്ന് വ്യക്തിപരമായി ആ​ഗ്രഹമുണ്ടായിരുന്നു: സൈജു കുറുപ്പ്

സൈജു കുറുപ്പ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. ഇന്നലെയാണ് (മാർച്ച് 27) ചിത്രം തിയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനൊപ്പമാണ് അഭിലാഷം തിയേറ്ററുകളിൽ എത്തിയത്.

ഇപ്പോൾ എമ്പുരാനോടൊപ്പം അഭിലാഷം റിലീസ് ചെയ്യുന്നതിൽ തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് സൈജു കുറുപ്പ്. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നുവെന്നും എമ്പുരാന് വരുന്ന ആളുകൾ അഭിലാഷത്തിനും കയറിയാൽ അത് വർക്കൗട്ട് ആകുമല്ലോ എന്ന വിശ്വാസവുമുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു.

എന്നാൽ വ്യക്തിപരമായി തനിക്ക് സിനിമയുടെ റിലീസ് മാറ്റിയാൽ കൊള്ളാമെന്നുണ്ടായിരുന്നുവെന്നും എന്നാൽ പ്രൊഡ്യൂസേഴ്സ് ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘തീർച്ചയായും പേടിയുണ്ട്. പേടിയില്ല എന്ന് പറഞ്ഞാൽ അത് നുണയായിരിക്കും. പക്ഷേ പ്രൊഡ്യൂസേഴ്സ് നല്ല കോൺഫിഡന്റാണ്. അവർക്കാണ് എമ്പുരാന്റെ കൂടെ റിലീസ് ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചത്, അവരുടെ തീരുമാനം ആണല്ലോ എല്ലാം. മാത്രമല്ല ആളുകൾ കൂടുതൽ തിയേറ്ററിലേക്ക് വരുന്ന സമയമാണല്ലോ ഇത്.

നമ്മുടെ പടത്തിൽ നമുക്ക് കോൺഫിഡൻസ് ഉണ്ട്, രസമായിട്ട് പടം വന്നിട്ടുണ്ട്. അപ്പോൾ എമ്പുരാന് വരുന്ന ആളുകൾ നമ്മുടെ പടത്തിനും കയറിയാൽ അത് വർക്കൗട്ട് ആകുമല്ലോ എന്ന വിശ്വാസമാണ്. റിലീസ് മാറ്റിയാൽ കൊള്ളാമെന്ന് എനിക്ക് വ്യക്തിപരമായി ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രൊഡ്യൂസേഴ്സ് ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല,’ സൈജു കുറുപ്പ് പറയുന്നു.

അഭിലാഷം

മണിയറയിലെ അശോകൻ എന്ന സിനിമക്ക് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.

ജെനിത് കാച്ചപ്പിള്ളി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിരയും അഭിലാഷത്തിനായി ഒന്നിക്കുന്നുണ്ട്.

Content Highlight: Saiju Kurupp Talks About Release Of His New New Movie Abhilasham With Empuraan