മലപ്പുറം: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ സ്വീകരിച്ച നിലപാട് എക്കാലവും തുടരണമെന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വിശാലമായ സംഘ് വിരുദ്ധ രാഷ്ട്രീയം മുന്‍നിര്‍ത്തിയാ വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യം നേരിടുന്ന ഏറ്റവും കടുത്ത ഭീഷണി സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസമാണ്. ഈ രാഷ്ട്രീയത്തെ സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും പ്രതിരോധിക്കല്‍ സുപ്രധാന രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
ഇതര സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ അധികാര തേരോട്ടങ്ങള്‍ നടത്തിയപ്പോഴും കേരളത്തിലെ ഇടതു-വലതു മുന്നണികളില്‍ ഉള്‍പ്പെട്ട പാര്‍ട്ടികളെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വിശാലമായ സംഘവിരുദ്ധ രാഷ്ട്രീയം മുന്‍നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് കേരളം ചര്‍ച്ച ചെയ്തതാണ്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലത്തില്‍ ഇടതു വലതു മുന്നണികളും അതിലെ പാര്‍ട്ടികളും ന്യൂനതകളുള്ളപ്പോള്‍ തന്നെ ആശയത്തിലും പ്രയോഗത്തിലും ഒരേ തലത്തില്‍ നില്‍ക്കുന്നവരാണ്.