കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസ് പോലെ വലിയ ഒന്നാവണം വീക്കന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് എന്നാണ് തന്റെ ആഗ്രഹമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. മിന്നല്‍ മുരളിയോട് കൂടി തന്റെ പ്രൊഡക്ഷന്‍ ഹൗസും അതോടൊപ്പം ബേസില്‍, ടൊവിനോ തുടങ്ങിയവരുടെ കരിയറും മുന്നോട്ട് കുതിച്ചെന്നും സോഫിയ പോള് പറഞ്ഞു.
മിന്നല്‍ മുരളിക്ക് ശേഷം നിര്‍മാതാവെന്ന് നിലയില്‍ തന്നെ ആളുകള്‍ അംഗീകരിക്കുന്നുണ്ടന്നും കരണ്‍ ജോഹറിനെ പോലെയുള്ള ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്നും തന്റെ പടത്തെക്കുറിച്ച് കരണ്‍ പരാമര്‍ശിച്ചതും വളരെ ആനന്ദത്തോടെയാണ് നോക്കികാണുന്നതെന്നും ക്ലബ് എഫ്.എമ്മിനു നല്‍കിയ അഭിമുഖത്തില്‍ സോഫിയ പറഞ്ഞു.
‘എനിക്ക് കരണിനെ ഭയങ്കര ഇഷ്ടമാണ്. വലിയൊരു പ്രൊഡക്ഷന്‍ ഹൗസാണ് പുള്ളിക്കുള്ളത്. എന്റെ മനസിലും അത്തരത്തിലുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസാണ് സ്വപ്നം കാണുന്നത്. അതുപോലെയൊക്കെ നമ്മളുടെ പ്രൊഡക്ഷന്‍ ഹൗസും ആവണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പുള്ളിയെ കണ്ടപ്പോ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. ‘ഐ സീ യുവര്‍ മിന്നല്‍ മുരളി, ഐ ലവ്ഡ് ഇറ്റ് ‘എന്നൊക്കെ പുള്ളി പറഞ്ഞപ്പോള്‍ അതെനിക്കൊരു പ്രൗഢിയായിരുന്നു,’ സോഫിയ പോള് പറഞ്ഞു.
ഒരു പടത്തിനും കിട്ടാത്ത പ്രൊമോഷന്‍ ആയിരുന്നു മിന്നല്‍ മുരളിക്ക് ലഭിച്ചതെന്നും സോഫിയ കൂട്ടിച്ചേര്‍ത്തു. ‘ഇത് ഒരു ഒ.ടി. ടി ഇംപാക്ട് ആണ്, കാരണം ഒരു മലയാള പടത്തിനും നല്‍കാത്ത പ്രൊമോഷനായിരുന്നു അവര്‍ മിന്നല്‍ മുരളിക്ക് നല്‍കിയിരുന്നത്. ഈ ഒരു പ്ലാറ്റ്ഫോമില്‍ വന്നതുകൊണ്ടാണ് ഒരുപാടു പേര് ആ പടം കണ്ടത്. കൊറിയയിലൊക്കെ നന്നായിട്ടു പോയ ഒരു സിനിമയാണ് മിന്നല്‍ മുരളി,’ സോഫിയ പോള് പറഞ്ഞു.
മിന്നല്‍ മുരളിയുടെ പ്രഷര്‍ ഉണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്ന മറുപടിയാണ് സോഫിയ പറഞ്ഞത്. ‘എവിടെ ചെന്നാലും, എല്ലാവരും എന്നോട് ചോദിക്കും മിന്നല്‍ മുരളി 2 ഉണ്ടോ എന്ന്. അപ്പോള്‍ ഞാന്‍ പറയും ഉണ്ട്, പക്ഷെ സമയം എടുക്കുമെന്ന്. കാരണം അതിന് ഇച്ചിരി സമയമെടുക്കും അതൊരു വലിയ സിനിമയായിരിക്കുമല്ലോ!’ സോഫിയ പറഞ്ഞു.
Content Highlight: Weekend blockbusters should be like Dharma Productions, that’s my dream, says Sophia Paul