ബംഗാളില്‍ രാമനവമി ഘോഷയാത്രകളില്‍ ആയുധങ്ങള്‍ക്ക് വിലക്ക്
national news
ബംഗാളില്‍ രാമനവമി ഘോഷയാത്രകളില്‍ ആയുധങ്ങള്‍ക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2024, 8:21 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍. ആയുധങ്ങളേന്തി രാമനവമി ഘോഷയാത്രകള്‍ നടത്തരുതെന്ന് ഉത്തരവിട്ടാണ് ബംഗാള്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഘോഷയാത്രകൾക്കാണ് ബംഗാൾ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. പരമ്പരാഗത ആയുധങ്ങള്‍ കൈവശം വെച്ചുകൊണ്ട് ഘോഷയാത്രകള്‍ നടത്തുന്ന ഏതാനും സംഘടനകളെ ലക്ഷ്യം വെച്ചാണ് നടപടി.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ ഉത്തരവ്. ആയുധങ്ങളുമായി ഘോഷയാത്ര നടത്തുന്ന രീതി അടുത്തിടെ ഉണ്ടായ പ്രവണതയാണെന്നും അതിനാല്‍ പൊലീസ് ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കണമെന്നായിരുന്നു മമതയുടെ നിര്‍ദേശം.

18 വയസിന് താഴെയുള്ളവരെയും കുട്ടികളെയും രാമനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സായുധ റാലികളില്‍ പങ്കെടുപ്പിക്കരുതെന്നും ഉത്തരവുണ്ട്. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രായപൂര്‍ത്തിയാകാത്തവരെ റാലികളില്‍ പങ്കെടുപ്പിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏപ്രിലില്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെ കല്ലേറും ആക്രമണവും നടന്നിരുന്നു. കല്ലേറില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ച് മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ ബി.ജെ.പി വര്‍ഗീയ സംഘര്‍ഷം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാമനവമി ദിനങ്ങളിലും സമാനമായ തന്ത്രം ആര്‍.എസ്.എസ് ഉപയോഗിക്കുമെന്നും മമത പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ആയുധങ്ങള്‍ കൈവശം വെച്ച് ഘോഷയാത്ര നടത്തരുതെന്ന് ബംഗാള്‍ പൊലീസ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനുമുമ്പും രാമനവമി ഘോഷയാത്രകളില്‍ മമത ആയുധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വി.എച്ച്.പി ഉള്‍പ്പടെയുള്ള വലതുപക്ഷ ഗ്രൂപ്പുകള്‍ പരമ്പരാഗത രീതികള്‍ തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

2023 മാര്‍ച്ച് 30ന് ബംഗാളിലെ ഹൗറയില്‍ നടന്ന രാമനവമി ഘോഷയാത്രയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. തുടര്‍ന്ന് വി.എച്ച്.പി നടത്തിയ ഘോഷയാത്രക്കെതിരെ എന്‍.ഐ.എ ആറ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വി.എച്ച്.പി പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കൈവശം വെച്ചതാണ് ഏറ്റുമുട്ടലിന് കാരണമായതെന്നാണ് ഒരു എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്.

Content Highlight: Weapons banned in Ram Navami processions in Bengal