വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന സംഭവം; വീ ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന് ജാമ്യം
Kerala News
വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന സംഭവം; വീ ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 8:04 pm

കൊച്ചി: വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന് വാഹനങ്ങള്‍ കയറ്റിയ സംഭവത്തില്‍ വീ ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പാലം തുറന്ന് കൊടുത്ത സംഭവത്തില്‍ ഏഴ് പേരാണ് അറസ്റ്റിലായത്. ഇതില്‍ നിപുണ്‍ ഒഴികെയുള്ളവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് വീ ഫോര്‍ കേരള നേതാവിന് ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് നിപുണ്‍.

പാലത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാം എന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാളുടെ ജാമ്യാപേക്ഷ ആദ്യം തള്ളിയത്.

ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകള്‍ തുറന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.

പൊതുമുതല്‍ നശിപ്പിക്കും സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ പാലം തുറന്നവര്‍ ക്രിമിനല്‍ മാഫിയകളാണെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: We for Kerala Nipun Cheriyan got Bail