ഡോക്ടര്‍മാരുടെ സമരത്തെ തൃണമൂല്‍ രാഷ്ട്രീയവത്കരിക്കുമ്പോള്‍ ബി.ജെ.പി ഇരകളുടെ മതം പറഞ്ഞ് വര്‍ഗീയവത്കരിക്കുന്നു: സീതാറാം യെച്ചൂരി
ന്യൂദല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തെ തൃണമൂലൂം ബി.ജെ.പിയും രാഷ്ട്രീയ, വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
‘ബംഗാള്‍ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിയ്ക്കുകയും യുദ്ധാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്യണം. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം മമതാ ബാനര്‍ജി വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയാകട്ടെ ഇരകളുടെ മതം പറഞ്ഞ് വിഷയത്തെ വര്‍ഗീയവത്കരിക്കുകയാണ്’ യെച്ചൂരി പറഞ്ഞു.
എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. സമരം തുടരുന്നതിനിടെ നൂറിലധികം സീനിയര്‍ ഡോക്ടര്‍മാരും ഇന്ന് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്ന് മമത ആരോപിച്ചിരുന്നു.