ആ പ്രതീക്ഷയും വിഫലം; റഡാറില്‍ ലഭിച്ച സിഗ്നല്‍ മനുഷ്യന്റേതല്ല, തിരച്ചില്‍ നിര്‍ത്തി
Wayanad landslide
ആ പ്രതീക്ഷയും വിഫലം; റഡാറില്‍ ലഭിച്ച സിഗ്നല്‍ മനുഷ്യന്റേതല്ല, തിരച്ചില്‍ നിര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 9:23 pm

കല്‍പറ്റ: മുണ്ടക്കൈ ടോപ്പില്‍ തെര്‍മല്‍ റഡാറില്‍ സിഗ്നല്‍ ലഭിച്ച ഭാഗത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. റഡാറില്‍ ലഭിച്ച സിഗ്നല്‍ മനുഷ്യന്റേതല്ലെന്ന് ഉറപ്പിച്ചതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. തിരച്ചില്‍ അവസാനിപ്പിച്ച് സംഘാങ്ങള്‍ പൂര്‍ണമായും മലയിറങ്ങി. ഇന്ന് വൈകീട്ടോടെയാണ് മുണ്ടക്കൈ ടോപിലെ ഒരു കെട്ടിടത്തിന് സമീപത്ത് നിന്നും തെര്‍മല്‍ റഡാറില്‍ ജീവന്റെ തുടിപ്പുകള്‍ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

ആദ്യം തിരച്ചില്‍ ആരംഭിച്ചെങ്കിലും വൈകീട്ടോടെ ദൗത്യ സംഘം തിരികെ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ജില്ല ഭരണകൂടവും മുഖ്യമന്ത്രിയും ഇടപെട്ടതോടെ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. റഡാറില്‍ ലഭിച്ചത് ശ്വാസമെടുക്കുന്നതിന്റെ സൂചനകളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നിര്‍ത്തണമെന്ന് തീരുമാനിച്ച തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചത്. പിന്നീട് ഈ പ്രദേശം കേന്ദ്രീകരിച്ച് വലിയ സന്നാഹങ്ങളോടെയുള്ള തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

സിഗ്നല്‍ ലഭിച്ച പ്രദേശം മാത്രം കേന്ദ്രീകരിച്ചാണ് ഊര്‍ജിത തിരച്ചില്‍ നടന്നത്. പ്രദേശത്ത് കുടൂതല്‍ വെളിച്ചവും സജ്ജീകരിച്ചിരുന്നത്. സിഗ്നല്‍ ലഭിച്ച പ്രദേശത്തിനടുത്ത് നിന്നും ആളുകളെ പരമാവധി മാറ്റിയാണ് തിരച്ചില്‍ നടത്തിയത്. യന്ത്രങ്ങളും പരമാവധി മാറ്റിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പരിമിതികളും പ്രതിസന്ധികളും മുന്‍കൂട്ടികണ്ടാണ് മനുഷ്യ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിച്ചത്.

ആവശ്യമെങ്കില്‍ കെട്ടിടം പൊളിച്ചും തിരച്ചില്‍ തുടരാനും തീരുമാനമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ജെ.സി.ബി ഉള്‍പ്പടെയുള്ളവ ഉപയോഗിക്കുന്നത് കെട്ടിടം പൊളിഞ്ഞുവീണ് കൂടുതല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വേഗതക്കായി ജെ.സി.ബികള്‍ കൂടി ഉപയോഗിച്ചുള്ള തിരച്ചിലുകളാണ് അവസാന ഘട്ടത്തില്‍ നടന്നത്.

എന്നാല്‍ ഈ തിരച്ചിലുകള്‍ക്കെല്ലാം ഒടുവിലാണ് തെര്‍മല്‍ റഡാറില്‍ ലഭിച്ചത് മനുഷ്യന്റെ സിഗ്നലല്ല എന്ന തീരുമാനത്തില്‍ ദൗത്യസംഘമെത്തുകയും തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തത്.

content highlights: wayanad landslide; That hope also failed: the signal received on the radar was not human, and the search was called off