കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുന്നു. നടപടികള്‍ക്ക് ശേഷം എത്രയും പെട്ടെന്ന് തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ശ്രമം.
ഇതിനോടകം തന്നെ 120ലധികം പേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 57 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമാണ് വളരെ വേഗതയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാല് സി.ഐമാര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഏറ്റവും പ്രയാസം നേരിട്ടത്. പൊതു ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
മൃതദേഹങ്ങള്‍ ടേബിളുകളില്‍ കിടത്തി തിരിച്ചറിയല്‍ നടപടിയാണ് ആദ്യം നടത്തിയത്. കാണാതായവരുടെ ബന്ധുക്കളെ മൃതദേഹം കാണിച്ച ശേഷം അവര്‍ തിരിച്ചറിഞ്ഞാല്‍ പിന്നീട് പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികളാണ്.
ഒരു മൃതദേഹത്തിന് ഒരു സി.ഐ എന്നീ ക്രമത്തില്‍ വളരെ വേഗതയിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചത്. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക്. ഇവിടെയും കാലതാമസം കൂടാതെ മൃതദേഹങ്ങള്‍ ഓരോന്നായി പോസ്റ്റ്മോര്‍ട്ടം നടത്തി.
ഭാവിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മരണ കാരണം തെളിയിക്കാനും അതുവഴി കിട്ടേണ്ട ധനസഹായവും മറ്റും കിട്ടാനും ഒക്കെ പോസ്റ്റുമോര്‍ട്ടം ആവശ്യമാണ് നിയമപരമായി അത്യാവശ്യമായ കാര്യമാണ് പോസ്റ്റുമോര്‍ട്ടം. അല്ലാത്തപക്ഷം ഇന്‍ഷൂറന്‍സ് പോലെ പലതും അവരുടെ ആശ്രിതര്‍ക്ക് ലഭിക്കാതെ പോകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇതുവരെ മരിച്ച 144 പേരില്‍ 64 ആളുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവിരില്‍ കൂടുതലും കുട്ടികളാണ്. ഇരുന്നൂറിലധികം പേരെ കാണാനില്ല. പരിക്കേറ്റ 191 പേര്‍ ചികിത്സയില്‍ തുടരുന്നു. പലരുടെയും നില അതീവ ഗുരുതരം. മരിച്ചവരില്‍ 21 പേരെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.