ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ് റിഷബ് പന്ത്. ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിലേയും കീപ്പറാണ് റിഷബ് പന്ത്. എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ ഫോമില്‍ ടീമില്‍ സ്ഥിരം ആക്കേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ഓപണിങ് ബാറ്റര്‍ വസീം ജാഫറിന്റെ അഭിപ്രായം.
ട്വന്റി-20 ഫോര്‍മാറ്റില്‍ താരം ഇതുവരെ മികച്ച പ്രകടനം ഒന്നും കാഴ്ചവെച്ചിട്ടില്ല. അതുകൊണ്ട് ടി-20 ഫോര്‍മാറ്റില്‍ പന്തിനെ സ്ഥിരാംഗം ആക്കേണ്ടതില്ല എന്നാണ് ജാഫര്‍ പറഞ്ഞത്. ടീമില്‍ കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ കീപ്പര്‍മാരാണെന്നും ജാഫര്‍ ഓര്‍മിപ്പിച്ചു.
‘നിങ്ങള്‍ക്ക് കെ.എല്‍. രാഹുല്‍ ടീമിലുണ്ട്. പരിക്കുമാറിയാല്‍ അയാള്‍ ടീമില്‍ സ്ഥിരമാകും, അയാള്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ദിനേശ് കാര്‍ത്തിക് കളിക്കുമെന്ന് ഉറപ്പായാല്‍ അയാളും വിക്കറ്റ് കീപ്പറാണ്. അതിനാല്‍, എനിക്ക് പന്തിന്റെ കാര്യത്തില്‍ ഒരുറപ്പുമില്ല. പന്ത് അടുത്തിടെ കളിച്ച രീതി വെച്ച് ഞാന്‍ അവനെ ടീമില്‍ സ്ഥിരാംഗമാക്കില്ല,’ ജാഫര്‍ പറഞ്ഞു.
പന്ത് ടെസ്റ്റില്‍ മികവ് പുലര്‍ത്തുകയും ഏകദിന ഫോര്‍മാറ്റില്‍ കുറച്ച് മികച്ച ഇന്നിങ്‌സ് കളിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ടി-20 കരിയറിനെ കുറിച്ച് ഇത് പറയാനാവില്ലെന്ന് ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന് ഇപ്പോഴും റണ്‍സ് നേടേണ്ടതുണ്ടെന്നും സ്ഥിരതയോടെ സ്‌കോര്‍ ചെയ്യണമെന്നും ഞാന്‍ കരുതുന്നു. ഐ.പി.എല്ലില്‍ അവന്‍ അങ്ങനെ ചെയ്തിട്ടില്ല. പല ടി20യിലും അദ്ദേഹം അത് ചെയ്തിട്ടില്ല. ഇത് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കളിച്ച രീതി, കുറച്ച് ഏകദിന ഇന്നിങ്‌സുകളിലും അദ്ദേഹം കളിച്ച രീതി, ടി20യില്‍ അദ്ദേഹം ചെയ്തിട്ടില്ല. അതിനാല്‍, എനിക്ക് ടി20യില്‍ പന്ത് മുന്നോട്ട് പോകുമെന്ന് പറയാന്‍ കഴിയില്ല,’ ജാഫര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയില്‍ മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമിലെത്തണമെങ്കില്‍ മികച്ച പ്രകടനം തന്നെ നടത്തണം.