ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച റാഞ്ചിയില്‍ നടക്കാനിരിക്കെ പരിക്കേറ്റ ദീപക് ചഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍. പരമ്പരയിലെ രണ്ട്, മൂന്ന് ഏകദിനങ്ങളില്‍ വാഷിങ്ടണ്‍ സുന്ദര്‍ കളിക്കും.
കണങ്കാലിനേറ്റ പരിക്ക് മൂലമാണ് ദീപക് ചഹര്‍ ടീമില്‍ നിന്നും പുറത്തായത്. ഇന്ത്യയുടെ പേസ് നിരയിലെ പ്രധാനിയാണ് ചഹര്‍.
പേസറായ ചഹറിന് പകരക്കാരനായി സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യന്‍ ടീം ബൗളിങ്ങിന്റെ ചുമതലയേല്‍പിച്ചിരിക്കുന്നത്. ഇരുവരും ഓള്‍ റൗണ്ടര്‍മാരാണെന്നുള്ളതാണ് ആശ്വാസം നല്‍കുന്ന മറ്റൊരു വസ്തുത.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലൊഴികെ ബൗളിങ്ങില്‍ ചഹര്‍ വന്‍ പരാജയമായിരുന്നെങ്കിലും അവസാന മത്സരത്തില്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ദിനേഷ് കാര്‍ത്തിക്കിന് ശേഷം ടീമില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും ചഹറായിരുന്നു.
17 പന്തില്‍ നിന്നും 31 റണ്‍സായിരുന്നു മത്സരത്തില്‍ താരം സ്വന്തമാക്കിയത്.
കണങ്കാലിനേറ്റ പരിക്ക് കാരണം താരത്തിന് ആദ്യ ഏകദിനം നഷ്ടമായിരുന്നു. ഒക്ടോബര്‍ 16ന് മുഹമ്മദ് ഷമിയുടെ കൂടെ ലോകകപ്പ് ടീമിനൊപ്പം ചേരാന്‍ ഓസ്ട്രേലിയയിലേക്ക് പറക്കാനിരിക്കവെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന് പുറം വേദനയുമുണ്ട്. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് ചഹര്‍.
ബുംറക്ക് പകരക്കാരനായി ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരമാണ് ചഹര്‍. പുറം വേദനയെ തുടര്‍ന്നാണ് ബുംറയും ലോകകപ്പില്‍ നിന്നും പുറത്തായത്.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചഹര്‍ തിരിച്ചെത്തിയിട്ട് അധികകാലമായിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലിലും താരത്തിന് പൂര്‍ണമായും കളിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, കൗണ്ടിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.