റാഞ്ചി: ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചിരുന്നെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. നമന്‍ ബിക്‌സല്‍ കോംഗാരി. ചുരുങ്ങിയത് ആറ് തവണയെങ്കിലും ഇവര്‍ തന്നെ സമീപിച്ചിരുന്നതായി നമന്‍ ബിക്‌സല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ഏതൊക്കെയോ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് പറഞ്ഞ് അജ്ഞാതരായ മൂന്ന് പേര്‍ എന്നെ വന്ന് കണ്ടിരുന്നു. എന്റെ പാര്‍ട്ടിക്കാര്‍ വഴിയായിരുന്നു അവര്‍ എന്നെ സമീപിച്ചത്. ഞാനവരെ പലതവണ പറഞ്ഞുവിട്ടെങ്കിലും ഇടക്കിടെ വന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ അവര്‍ എനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു,’ നമന്‍ പറയുന്നു.
ഇക്കാര്യം താന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനോടും മുഖ്യമന്ത്രി ഹേമന്ത് സോറനോടും പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും തനിക്ക് മന്ത്രിസ്ഥാനം തരാമെന്നുമാണ് വന്നവര്‍ പറഞ്ഞതെന്നും നമന്‍ കൂട്ടിച്ചേര്‍ത്തു.
ഇത് ചെയ്യുന്നത് ബി.ജെ.പിയ്ക്ക് വേണ്ടിയാണെന്നും ആ മൂന്ന് പേര്‍ പറഞ്ഞതായി നമന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേര്‍ തന്നെയാണോ തന്നെ സമീപിച്ചവരെന്ന് എം.എല്‍.എ. സ്ഥിരീകരിച്ചിട്ടില്ല.
ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ശനിയാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് ജാര്‍ഖണ്ഡ് സ്പെഷ്യല്‍ ബ്രാഞ്ചാണ് അഭിഷേക് ദുബൈ, അമിത് സിങ്, നിവാരണ്‍പ്രസാദ് മഹതോ എന്നിവരെ പിടികൂടിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രണ്ട് പേര്‍ പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരില്‍ നിന്ന് പണവും ജാര്‍ഖണ്ഡ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗൂഢാലോചനക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരിലെ മുഖ്യ പാര്‍ട്ടിയായ ജെ.എം.എം. ആരോപിച്ചു.
കര്‍ണാടകയും മധ്യപ്രദേശും പിടിച്ചെടുത്തത് പോലെ ജാര്‍ഖണ്ഡിലെ ബി.ജെ.പിയുടെ കളി നടക്കില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി സുപ്രിയ ഭട്ടാചാര്യ പറഞ്ഞു.