കാര്യവട്ടത്ത് ടീം ഇന്ത്യ കളിക്കും; ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മൂന്ന് വേദികള്‍
Cricket news
കാര്യവട്ടത്ത് ടീം ഇന്ത്യ കളിക്കും; ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മൂന്ന് വേദികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th June 2023, 6:41 pm

2023 ലോകകപ്പിന് മുന്നോടിയായി ഒരാഴ്ച മുമ്പ് സെപ്റ്റംബര്‍ 29ന് തന്നെ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 3 വരെ നടക്കുന്ന വിധമാണ് സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂള്‍. ഹൈദരാബാദ്, തിരുവനന്തപുരം, ഗുവാഹത്തി എന്നിവയാണ് സന്നാഹങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന മൂന്ന് വേദികള്‍.

ടീം ഇന്ത്യക്ക് രണ്ട് പരിശീലന മത്സരങ്ങളാണുള്ളത്. സെപ്തംബര്‍ 30ന് ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ സന്നാഹത്തില്‍ രോഹിത് ശര്‍മ്മയുടെ സംഘം ഇംഗ്ലണ്ടിനെ നേരിടും തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്ത് ക്വാളിഫയര്‍ ഒന്നിനെതിരായ പരിശീലന മത്സരവും ഇന്ത്യക്കുണ്ടാകും.

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ഗെയിമുകളാണ് നടക്കുക. ഇതില്‍ ഇന്ത്യ കളിക്കില്ല.

നിലവില്‍ യോഗ്യത നേടിയ ടീമുകളും ക്വാളിഫയര്‍ 1, ക്വാളിഫയര്‍ 2 എന്നീ ടീമുകളും സന്നാഹ മത്സരം കളിക്കും. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, സ്‌കോട്ട്ലന്‍ഡ്, ഒമാന്‍, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകളാണ് ക്വാളിഫയര്‍ 1, 2 സ്ഥാനങ്ങളിലേക്ക് വേണ്ടി കളിക്കുന്നത്.

2019ലെ മാതൃക പോലെ തന്നെയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റും. ആദ്യ റൗണ്ടില്‍ ടൂര്‍ണമെന്റിന്റെ എല്ലാ 10 ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടും.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ നാല് ടീമുകളാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ആതിഥേയരായ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പ് ഷെഡ്യൂളില്‍ യോഗ്യത നേടിയ ടീമുകള്‍.

Content Highlight: warm-up matches will begin on September 29 A week before the 2023 World Cup