ഐ.സി.സി ടി-20 ലോകകപ്പിലെ പതിനഞ്ചാം മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ബംഗ്ലാദേശ് നായകന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയുടെ ഈ തീരുമാനം കൃത്യമായി ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബംഗ്ലാദേശ്.
After 20 overs, we’ve set Bangladesh a target of 125 🎯. Time to dig deep and fight for every run! Let’s go Sri Lanka! 👊 #T20WorldCup #LankanLions pic.twitter.com/JjWPQ1jdeP
— Sri Lanka Cricket 🇱🇰 (@OfficialSLC) June 8, 2024
28 പന്തില്‍ 47 റണ്‍സ് നേടിയ പാത്തും നിസങ്കയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 26 പന്തില്‍ 21 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയും നിര്‍ണായകമായി.
മത്സരത്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. പതിനാലാം ഓവര്‍ എറിഞ്ഞ റിഷാദ് ഹുസൈന്റെ രണ്ടാം പന്തില്‍ സൗമ്യ സര്‍ക്കാറിന് ക്യാച്ച് നല്‍കിയാണ് ലങ്കന്‍ നായകന്‍ പുറത്തായത്.
ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് ഹസരങ്കയെ തേടിയെത്തിയത്. ടി-20 ലോകകപ്പില്‍ ഗോള്‍ഡന്‍ ഡക്ക് ആവുന്ന ശ്രീലങ്കയുടെ മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന മോശം നേട്ടമാണ് ഹസരംഗ സ്വന്തമാക്കിയത്. ഇതിനുമുമ്പ് 2014 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ലസിത്ത് മല്ലിംഗയും 2022 ലോകകപ്പില്‍ യു.എ.ഇക്കെതിരെ ദാസുന്‍ ഷനകയും ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.
ബംഗ്ലാദേശ് ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
നാല് ഓവറില്‍ 17 റണ്‍സ് വിട്ടു നല്‍കിയാണ് മുസ്തഫിസുര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. മറുഭാഗത്ത് 4 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് സ്വന്തമാക്കിയത്. ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റുകളും വീഴ്ത്തി നിര്‍ണായകമായി.
Content Highlight: Wanindu Hasaranga create a unwanted record in T20 Worldcup