ഹമാസ് തുരങ്കങ്ങള്‍ ഇസ്രഈല്‍ കടല്‍വെള്ളം പമ്പ് ചെയ്ത് തകര്‍ക്കാന്‍ തുടങ്ങിയതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
World News
ഹമാസ് തുരങ്കങ്ങള്‍ ഇസ്രഈല്‍ കടല്‍വെള്ളം പമ്പ് ചെയ്ത് തകര്‍ക്കാന്‍ തുടങ്ങിയതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th December 2023, 9:03 am

ജറുസലേം: ഗസയിലെ ഹസാമിന്റെ തുരങ്കങ്ങളിലേക്ക് ഇസ്രഈല്‍ സൈന്യം കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷനെ കുറിച്ചുള്ള യു.എസ് ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ച് ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാനായി ഇസ്രഈല്‍ പ്രതിരോധ മന്ത്രിയുടെ വക്താവിനെ സമീപിച്ചെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയായിരുന്നു.

ഇസ്രഈല്‍ സൈന്യത്തിന്റെ ഈ നീക്കം ഗസയുടെ ശുദ്ധജല ലഭ്യതയെയും വിതരണത്തെയും സാരമായി ബാധിക്കുമെന്ന് ഇതിനോടകം തന്നെ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.

ഗസയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ കടല്‍വെള്ളമുപയോഗിച്ച് തകര്‍ക്കാന്‍ ഇസ്രഈല്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അത് വലിയ ക്രൂരതയാണെന്നും യുദ്ധക്കുറ്റമാണെന്നും യു.എന്നിലെ റഷ്യയുടെ ആദ്യ ഡെപ്യൂട്ടി സ്ഥിരാംഗമായ ദിമിത്രി പൊല്യാന്‍സ്‌കി നേരത്തെ തന്നെ പറഞ്ഞിരുന്നു. യു.എന്‍. സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് പൊല്യാന്‍സികി തന്റെ നിലപാടും ആശങ്കയും അറിയിച്ചത്.

‘ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈല്‍ വെള്ളപ്പൊക്കത്തിലൂടെ ഗസ മുനമ്പിലെ തുരങ്കങ്ങള്‍ കടല്‍വെള്ളം ഉപയോഗിച്ച് തകര്‍ക്കാന്‍ പദ്ധതിയിടുന്നതായ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കടല്‍വെള്ളം പമ്പ് ചെയ്യാന്‍ പൈപ്പുകളും പമ്പുകളുമടങ്ങിയ സിസ്റ്റം ഐ.ഡി.എഫ് സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ യു.എസുമായി അവര്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതായാണ് വിവരം,’ പൊല്യാന്‍സ്‌കി പറഞ്ഞു.

കടല്‍വെള്ളം ഗസയിലെ കുടിവെള്ളം മലിനമാക്കുമെന്നും പ്രദേശം വാസയോഗ്യമല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍ സേന ഗസയില്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ ഫലസ്തീനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ചൈന, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ അടിയന്തര സെഷന്‍ നടത്താനായും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ അക്രമകാരികള്‍ പ്രളയത്തില്‍ നശിച്ചുവെന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ ഇസ്രഈലി ഹെലികോപ്റ്ററുകള്‍ ഗസയില്‍ വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളപ്പൊക്കത്തിലൂടെ ഗസയിലെ തുരങ്കങ്ങള്‍ നശിപ്പിക്കുവാന്‍ ഇസ്രഈല്‍ പദ്ധതിയിടുന്നതായി ചര്‍ച്ചകള്‍ വ്യാപകമായത്.

 

 

Content highlight: Wall Street journal reports Israel begins pumping seawater into Hamas tunnels