Entertainment
ടര്‍ബോയില്‍ ബിന്ദു പണിക്കര്‍ക്ക് പകരം ആദ്യം പരിഗണിച്ചത് ആ നടിയെയായിരുന്നു: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 06, 02:40 am
Thursday, 6th June 2024, 8:10 am

തിയേറ്ററുകളില്‍ ഇടിയുടെ പെരുന്നാള്‍ തീര്‍ത്തുകൊണ്ട് മുന്നേറുകയാണ് വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ. റിലീസ് ചെയത് രണ്ടാം വാരം പിന്നിടുമ്പോള്‍ 70 കോടിയോളം ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് ശേഷം ഏറ്റവുമധികം കൈയടികള്‍ കിട്ടിയത് ബിന്ദു പണിക്കര്‍ അവതരിപ്പിച്ച റോസക്കുട്ടിക്കാണ്.

കോമിക്‌സ് കാണുന്ന എല്ലാ കാര്യത്തിലും അപ്‌ഡേറ്റഡായിട്ടുള്ള അമ്മച്ചിയുടെ കഥാപാത്രം ബിന്ദു പണിക്കര്‍ ഗംഭീരമാക്കി. എന്നാല്‍ ആ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് മല്ലിക സുകുമാരനെയായിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു. എന്നാല്‍ മല്ലികാ സുകുമാരനെ സമീപിച്ചപ്പോള്‍ അവര്‍ ദുബായിലായിരുന്നുവെന്നും ഷൂട്ട് തുടങ്ങാന്‍ മൂന്ന് ദിവസം മാത്രമേ ബാക്കി ഉണ്ടായിരുന്നുവെള്ളൂവെന്നും വൈശാഖ് പറഞ്ഞു.

ആ സമയത്താണ് മമ്മൂട്ടി ബിന്ദു പണിക്കരിന്റെ പേര് സജസ്റ്റ് ചെയ്തതെന്നും തനിക്ക് ആ കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്നും എന്നാല്‍ മമ്മൂട്ടി തന്നെ കണ്‍വിന്‍സ് ചെയ്‌തെന്നും വൈശാഖ് പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘ബിന്ദു ചേച്ചി ചെയ്ത ക്യാരക്ടറിലേക്ക് ആദ്യം പരിഗണിച്ചത് മല്ലികാ സുകുമാരനെയായിരുന്നു. എല്ലാ സിനിമയിലും വിളിക്കുന്നത് പോലെ ഷൂട്ടിന് നാലഞ്ച് ദിവസം മുന്നേ വിളിക്കാമെന്ന ചിന്തയില്‍ ഞങ്ങള്‍ ഇരുന്നു. പക്ഷേ മല്ലിക ചേച്ചിയെ വിളിച്ചപ്പോഴാണ് അവര്‍ ദുബായിലാണെന്ന് അറിഞ്ഞത്. ഷൂട്ട് തുടങ്ങാന്‍ മൂന്ന് ദിവസമേ ബാക്കിയുള്ളൂ. ആരെ വിളിക്കുമെന്ന് കണ്‍ഫ്യൂഷനായി നില്‍ക്കുമ്പോഴാണ് ബിന്ദു പണിക്കരെ വിളിക്കാന്‍ മമ്മൂക്ക പറഞ്ഞത്.

ഞാന്‍ ആ സമയത്ത് ഒന്ന് ഇരുത്തി ആലോചിച്ചു, ബിന്ദു ചേച്ചി ശരിയാകുമോ എന്നൊക്കെ. മമ്മൂക്ക ആ സമയത്ത് എന്നോട് പറഞ്ഞു, ‘അതൊക്കെ ശരിയാവും, നീ ബിന്ദുവിനെ വിളിച്ച് നോക്ക്’ എന്ന്. അങ്ങനെ ബിന്ദു ചേച്ചിയെ വിളിച്ച് ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. ചേച്ചി ഓക്കെ പറഞ്ഞു. ആദ്യം ചെയ്ത കാര്യം ബിന്ദു ചേച്ചിക്കുള്ള പല്ല് ശരിയാക്കലായിരുന്നു. കാരണം രണ്ട് ദിവസം കഴിഞ്ഞാല്‍ ഷൂട്ട് തുടങ്ങും, അപ്പോഴേക്ക് എല്ലാം ശരിയാക്കാന്‍ വേണ്ടിയായിരുന്നു അത്,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshak saying that he considered Mallika Sukumaran instead of Bindu Panicker in Turbo