ഈ ബസ് ഡ്രൈവറാണ് യഥാര്‍ത്ഥ ഹീറോ; പന്തിനെ രക്ഷിച്ചതിന് നന്ദിയുമായി വി.വി.എസ്. ലക്ഷ്മണ്‍
Sports News
ഈ ബസ് ഡ്രൈവറാണ് യഥാര്‍ത്ഥ ഹീറോ; പന്തിനെ രക്ഷിച്ചതിന് നന്ദിയുമായി വി.വി.എസ്. ലക്ഷ്മണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st December 2022, 9:16 am

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന് അപടകം പറ്റിയെന്ന വാര്‍ത്ത കേട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിക്കുകയും കത്തി നശിക്കുകയുമായിരുന്നു.

താരം ഒറ്റക്കായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ ചില്ല് തകര്‍ത്താണ് പന്തിനെ പുറത്തെടുത്തത്.

റിഷബ് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത് കണ്ട ഹരിയാന റോഡ് വേയ്‌സിലെ ഡ്രൈവറായ സുശീല്‍ കുമാര്‍ എന്നയാളാണ് താരത്തെ രക്ഷപ്പെടുത്തിയത്. കാര്‍ കത്തുന്നത് കണ്ടതിന് പിന്നാലെ ഇയാള്‍ പന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇപ്പോഴിതാ സുശീല്‍ കുമാറിന് നന്ദി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. പന്തിനെ രക്ഷിച്ചതിനും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിനും കടപ്പെട്ടിരിക്കുന്നു എന്നാണ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തത്.

‘തീ പടര്‍ന്ന കാറില്‍ നിന്നും റിഷബ് പന്തിനെ രക്ഷപ്പെടുത്തി. അവനെ ബെഡ് ഷീറ്റ് കൊണ്ട് പൊതിയുകയും ആംബുലന്‍സിനെ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്ത ഹരിയാന റോഡ് വേയ്‌സിലെ ഡ്രൈവറായ സുശീല്‍ കുമാറിന് നന്ദി. നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. സുശീല്‍ ജി നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ,’ ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

ഇതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ബസ് കണ്ടക്ടറിനോടും ലക്ഷ്മണ്‍ നന്ദി അറിയിച്ചു.

 

ദല്‍ഹി ഡെറാഡൂണ്‍ അതിവേഗ പാതയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ന് ആയിരുന്നു അപകടം. ഡ്രൈവിങ്ങിനിടെ താരം ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് പന്ത് മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ നെറ്റിയില്‍ 2 മുറിവും വലതു കൈ മുട്ടിലും കൈപ്പത്തിയിലും പൊട്ടലുമുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജനുവരി മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കുള്ള ടീമില്‍ പന്ത് ഇടം നേടിയിട്ടില്ല. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനു ചേരാനിരിക്കെയാണ് അപകടം.

 

Content Highlight: VVS Lakshman extends his gratitude to the bus driver who saved Rishabh Pant