'വേലിതന്നെ വിളവു തിന്നുകയാണ്';ബാര്‍കോഴക്കേസിലെ ഇരട്ട സത്യവാങ്മൂലത്തിനെതിരെ വി.എസ്
Kerala
'വേലിതന്നെ വിളവു തിന്നുകയാണ്';ബാര്‍കോഴക്കേസിലെ ഇരട്ട സത്യവാങ്മൂലത്തിനെതിരെ വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2017, 4:38 pm

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഇരട്ട സത്യവാങ്മൂലം സമര്‍പ്പിച്ച വിജിലന്‍സ് നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രണ്ടാമതും സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

“പ്രതികളെ തീരുമാനിച്ചത് കൊണ്ടുമാത്രം പ്രോസിക്യൂഷന്റെ കടമ തീരുന്നില്ല. വിജിലന്‍സ് രണ്ടാമത് സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും വേണം” വി.എസ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന കെ.എം മാണിയുടെ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസില്‍ രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേണ ഉദ്യാഗസ്ഥന്റെ നടപടി. വിജിലന്‍സിന്റെ നടപടിക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന്റെ പിന്നാലെയാണ് വി.എസിന്റെ പരാമര്‍ശങ്ങളും. വിജിലന്‍സ് നടപടി നിരുത്തരവാദപരമാണെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

കേസുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയാതെയാിരുന്നു വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ പ്രത്യേക നിര്‍ദ്ദേശമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിക്ക് പിന്നില്‍. സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറും സര്‍ക്കാര്‍ അഭിഭാഷകരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു.