മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി. ഒരു നര്‍ത്തകയായി കരിയര്‍ ആരംഭിച്ച സീമയുടെ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയായിരുന്നു അവളുടെ രാവുകള്‍. 1978ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. സീമയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായാണ് അവളുടെ രാവുകളെ കണക്കാക്കുന്നത്.
ഇപ്പോള്‍ ഐ.വി. ശശിയെ കുറിച്ച് പറയുകയാണ് സീമ. അവളുടെ രാവുകള്‍ സിനിമയുടെ മുമ്പ് തന്നെ തങ്ങള്‍ തമ്മില്‍ പ്രണയം തുടങ്ങിയിരുന്നു എന്നാണ് നടി പറയുന്നത്. അമൃത ടി.വിയിലെ ‘ഓര്‍മയില്‍ എന്നും ഐ.വി. ശശി’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സീമ.
താനും ഐ.വി ശശിയും തമ്മിലുള്ള പ്രണയം അവളുടെ രാവുകള്‍ക്ക് മുമ്പേ ഈ മനോഹരം തീരം എന്ന സിനിമയുടെ സമയത്തായിരുന്നു ആരംഭിച്ചതെന്നും അതില്‍ തനിക്ക് ഒരു ഡാന്‍സ് സീനുണ്ടായിരുന്നുവെന്നും സീമ പറയുന്നു. ആ സിനിമ ചെയ്യുന്ന സമയത്ത് ഐ. വി ശശി തന്നോട് ഞാന്‍ നിന്നെ വലിയൊരു നടിയാക്കുമെന്ന് പറഞ്ഞുവെന്നും എന്തിനാണ് അങ്ങനെ അദ്ദേഹം പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും സീമ പറയുന്നു.
‘അവളുടെ രാവുകള്‍ക്ക് മുമ്പ് തന്നെ ഞങ്ങളുടെ പ്രണയം തുടങ്ങിയിരുന്നു. ഈ മനോഹര തീരം എന്ന് പറഞ്ഞ പടത്തില്‍ പ്രണയം തുടങ്ങി. അതിലൊരു ഡാന്‍സ് ഉണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ചെയ്യും ഹരിഹരന്‍ സാര്‍ പാട്ട് പാടും. അതില്‍ അഭിനയിച്ച സമയത്ത് കുറച്ച് ലൗ അങ്ങ് തുടങ്ങിയിരുന്നു. അത് തീരുമ്പോള്‍ ശശിയേട്ടന് എന്നോട് കൂടുതല്‍ സ്‌നേഹം തോന്നി. അപ്പോള്‍ പുള്ളി ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നു.
ഞാന്‍ നിന്നെ വലിയൊരു നടിയാക്കുമെന്ന്. അത് എന്തിനാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാനത് മൈന്‍ഡ് ചെയ്യാതങ്ങ് വന്നു. കാരണം എനിക്ക് നടിയാവണമെന്ന് ഒരു താത്പര്യവും ഇല്ലായിരുന്നു. ഡാന്‍സിനോടായിരുന്നു എനിക്ക് കമ്പം. പ്രണയം തോന്നിയിട്ട് പറഞ്ഞ ഓഫര്‍ ഒന്നും അല്ലായിരുന്നു അത്. അങ്ങനെ ഒരു വ്യക്തിയല്ല ശശിയേട്ടന്‍. ആ രീതിയിലൊന്നും പ്രണയിക്കാന്‍ അറിയില്ല,’സീമ പറയുന്നു.
Content Highlight: Seema talks about how her and I. V. Sasi’s love story began.